പള്ളുരുത്തി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് അമ്പതോളം ഉദ്യോഗാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം മഴുവന്നൂർ ബാലചന്ദ്രഭവനിൽ ബാലചന്ദ്രനെയാണ് (39) മട്ടാഞ്ചേരി അസി.കമ്മിഷ്ണർ കെ.ആർ മനോജ്, കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിലെ ഒന്നാംപ്രതി കൊല്ലം ഉമയെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ റിയാസ് ഷാനവാസിനെ (33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിന് ഇരയായത്. തിരുവനന്തപുരത്തുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി വഴിയാണ് വിദേശത്ത് ജോലി വാഗ്ദാനംചെയ്തത്.
എസ്.ഐ മനോജ്കുമാർ, എ.എസ്.ഐ ഫ്രാൻസിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.