വരാപ്പുഴ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കാനയ്ക്കുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധം ശക്തം. കൂനമ്മാവ് പള്ളിപ്പടി – പള്ളിക്കടവ് റോഡാണ് കാന നിർമ്മിക്കാൻ ആറ് അടിയോളം താഴ്ചയിൽ കുറുകെ വെട്ടിക്കുഴിച്ചത്. കാന നിർമ്മാണം നടത്താത്തതോടെ കഴിഞ്ഞ ഒരു മാസക്കാലമായി ഈ ഭാഗത്ത് വെള്ളം നിറഞ്ഞുകിടക്കുകയാണ്.
സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഉപയോഗിക്കുന്ന റോഡിന് വീതികുറവാണ്. അതിനാൽത്തന്നെ ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രികരും ജീവൻ പണയംവച്ചാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ ഇവിടെ മറിഞ്ഞിരുന്നു. രോഗികളെ ഉൾപ്പെടെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
റോഡ് പൂർവസ്ഥിതിയിലാക്കാൻ കരാർ കമ്പനിയോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതോടെ കാന നിർമ്മിക്കാനെടുത്ത കുഴി നാട്ടുകാർ മണ്ണിട്ട് മൂടാൻ ശ്രമിച്ചു. കാന പണിയാൻ ഇവിടെ കമ്പികൾ ഉയർത്തി ഇട്ടിട്ടുണ്ട്. എന്നാൽ സുരക്ഷാ സംവിധാനങ്ങളൊന്നും കരാർ കമ്പനി ഒരുക്കിയിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.