Ernakulam

ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി സംഘം ഈജിപ്തിലെത്തി; സംഘത്തിലെ 45 അംഗങ്ങൾ സുരക്ഷിതർ

ആലുവ: ഇസ്രയേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ 45 അംഗ മലയാളി സംഘം സുരക്ഷിതരായി ഈജിപ്തിലെത്തി. ഈജിപ്ത് എംബസി ഉദ്യോഗസ്ഥനായ മലയാളിയുടെ ഇടപെടലാണു തടസ്സങ്ങൾ നീക്കി യാത്ര സുഗമമാക്കിയത്. സംഘത്തിലെ കൊല്ലം സ്വദേശിയായ അധ്യാപികയുടെ ശിഷ്യനാണ് എംബസി ഉദ്യോഗസ്ഥൻ. വീസാ കാലാവധി തീർന്നു ബെത്‌ലഹേം പാരഡൈസ് ഹോട്ടലിൽ കഴിയുന്ന വിവരം അധ്യാപിക ശിഷ്യനെ ഫോണിൽ അറിയിച്ചു. തുടർന്ന് ഇസ്രയേലിലെ ഈജിപ്ത് എംബസിയിൽ നിന്നു 2 ഉദ്യോഗസ്ഥർ ഹോട്ടലിൽ ഇവരെ സന്ദർശിക്കുകയും ഈജിപ്തിലേക്കു ബസിൽ കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്യുകയുമായിരുന്നു. 

ബെത്‌ലഹേമിൽ നിന്നു ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 11.30നു പുറപ്പെട്ട സംഘം രാത്രി ഏഴോടെ 270 കിലോമീറ്റർ യാത്ര ചെയ്ത് ഇസ്രയേൽ– ഈജിപ്ത് അതിർത്തിയായ താബയിൽ എത്തി. തീർഥാടക വാഹനങ്ങൾക്കു പതിവുള്ള സൈനിക സുരക്ഷയിലായിരുന്നു യാത്ര. താബയിൽ നിന്ന് 700 കിലോമീറ്റർ അകലെ ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിലാണു ട്രാവൽ ഏജന്റ് ഇവർക്കു താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി സംഘം ബുധനാഴ്ച കൊച്ചിയിൽ തിരിച്ചെത്തും. സി.എം. മൗലവി നയിക്കുന്ന തീർഥാടക സംഘത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 21 സ്ത്രീകളും 24 പുരുഷന്മാരുമാണുള്ളത്.