ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവ് വില്പന സംഘം യുവാവിനെ ആക്രമിച്ചെന്ന വാർത്തയെ തുടർന്ന് തൊട്ടടുത്ത ദിവസം സ്ഥലത്ത് പട്രോളിംഗിനെത്തിയ പൊലീസ് കണ്ണിൽകണ്ടവർക്ക് നേരെയെല്ലാം ചൂരൽ പ്രയോഗം നടത്തിയതായി പരാതി.
സാമൂഹ്യദ്രോഹികളെ തൊടാതെ ഇവർക്കെതിരെ പരാതി ഉന്നയിച്ച കച്ചവടക്കാരുടെ കടയിലെത്തിയവർക്കു നേരെ ചൂരൽ പ്രഹരം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷന് സമീപം നാലംഗ സംഘത്തിന്റെ കഞ്ചാവ് വില്പന സംഘത്തെ പൊലീസിന് കൈമാറിയ വടാട്ടുപാറ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത് വാർത്തയായോടെയാണ് ശനിയാഴ്ച്ച വൈകിട്ട് പെട്രോളിങ്ങിനിറങ്ങിയത്. വഴിയിൽ കണ്ടവരെയെല്ലാം പൊലീസ് ഓടിച്ചിട്ട് അടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ആലുവ സ്റ്റേഷനിലെ ഒരു എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു ലാത്തി പ്രയോഗം.
കുന്നത്തേരി സ്വദേശിയായ യുവാവിനാണ് അകാരണമായി ലാത്തി അടിയേറ്റത്.
ആലുവ ടൗണിലേക്ക് കച്ചവട ആവശ്യങ്ങൾക്ക് പോലും വരാൻ ആളുകൾ മടിക്കുന്ന രീതിയിലേക്ക് അകാരണമായ ലാത്തി വീശൽ നടപടി ഇടയാക്കിയയെന്ന് വ്യാപാരികൾെ ആരോപിച്ചു. എന്നാൽ കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് പരിശോധനയും പട്രോളിംഗും നടത്തിയതെന്ന് പൊലീസ് പറഞ്ഞു.