മൂവാറ്റുപുഴ∙ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാ സേന വന്നു രക്ഷപ്പെടുത്തി. വാരപ്പെട്ടി കല്ലുകുഴിയിൽ രാജു (62) ആണു കിണറ്റിൽ കുടുങ്ങിയത്. വിജയൻ എന്നയാളുടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനാണ് രാജു ആഴമുള്ള കിണറ്റിൽ ഇറങ്ങിയത്.
കിണറ്റിൽ ഓക്സിജന്റെ അളവു കുറവായതിനാൽ ശ്വാസം കിട്ടാതെ അവശനായി കിണറ്റിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശ്വാസ തടസ്സം നീക്കാനായി ഓക്സിജൻ ലഭ്യമാക്കുകയും ബിഎ സിലിണ്ടർ കിണറ്റിൽ തുറന്നു വിടുകയും ചെയ്തു. തുടർന്നാണ് നെറ്റ് ഉപയോഗിച്ചു രാജുവിനെ കിണറ്റിൽ നിന്നു പുറത്തെടുത്തത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.ജെ. ജിജിമോൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ഓഫിസർമാരായ കെ.എം. ഇബ്രാഹിം, പി.ബി. അനീഷ്കുമാർ, എ.എസ്. ഷഹനാസ്, ടി.ആർ. റിനിഷ്, നിബിൻ ബോസ്, ഹോം ഗാർഡ് ടോമി പോൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വയോധികനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.