ആലങ്ങാട്: വൈദ്യുതി ഇല്ലാതെ വർഷങ്ങളായി ഇരുട്ടിൽ കഴിഞ്ഞ വിദ്യാർത്ഥിയുടെ കുടുംബത്തിന് കെഎസ്ഇബി ജീവനക്കാരുടെ സ്നേഹസമ്മാനം. ആലങ്ങാട് ഒളനാട് സ്വദേശി ജയന്റെ കുടുംബത്തിനാണു വരാപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സഹായമായത്. ജയനും കുടുംബവും കഴിഞ്ഞ കുറെ നാളുകളായി വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ചെറിയ ഷെഡ് കെട്ടി താമസമാക്കി. പല പ്രശ്നങ്ങളാൽ 4 വർഷമായി വീട്ടിൽ വൈദ്യുതി ലഭിച്ചിരുന്നില്ല.
വൈദ്യുതി ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥി ആയ മകളുടെ പഠനം ബുദ്ധിമുട്ടിലായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ഗൃഹനാഥനായ ജയനു കഴിഞ്ഞ കുറെനാളുകളായി ജോലിക്കു പോകാനും കഴിയുന്നില്ല. വരാപ്പുഴ വൈദ്യുതി ഓഫിസിൽ വിവരങ്ങൾ തിരക്കാൻ ചെന്നപ്പോഴാണു ജയന്റെ ദുരിതകഥയറിഞ്ഞ കെഎസ്ഇബി ഓഫിസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ആവശ്യമായ സഹായം ഉറപ്പു നൽകിയത്. തുടർന്ന് ആഴ്ചകൾക്കു മുൻപ് ജീവനക്കാരുടെ നേതൃത്വത്തിൽ വീട്ടിലെ വയറിങ് ജോലികൾ പൂർത്തിയാക്കി നൽകി. ജയന്റെ വീട്ടിൽ വെളിച്ചമെത്തുന്നതിനുള്ള തടസ്സങ്ങളെല്ലാം നീങ്ങി. തിങ്കളാഴ്ച വൈകിട്ടോടെ വരാപ്പുഴ കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമെത്തി കണക്ഷൻ നൽകി.