കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റു വനിത ഡോക്ടർ മരിച്ച സംഭവത്തിൽ ജില്ലയിൽ വൻ പ്രതിഷേധം. ഗവ. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഒപി ബഹിഷ്കരിച്ചു. ഹൗസ് സർജൻമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സമരത്തിൽ പങ്കുചേർന്നു.
കൊച്ചി നഗരത്തിൽ സംഭവത്തിൽ പ്രതിഷേധിച്ചു ഡോക്ടർമാർ പന്തം കൊളുത്തി പ്രകടനം നടത്തി. 32 മെഡിക്കൽ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. രോഗികളുടെ ജീവൻ രക്ഷിക്കാൻ രാപകൽ പാടുപെടുന്ന ഡോക്ടർമാർ ജീവൻ ബലികഴിക്കേണ്ട സാഹചര്യമാണു സംസ്ഥാനത്തുള്ളതെന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊച്ചി ഐഎംഎ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണു സുരക്ഷയുള്ളതെന്നും അദ്ദേഹം പറഞ്ഞു.