കൊച്ചി: എൽഡിഎഫ് കൗൺസിലർ വി.എ. ശ്രീജിത് വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ബാസ്റ്റിൻ ബാബുവിനെയാണു പരാജയപ്പെടുത്തിയത് (4–3). കോർപറേഷനിലെ വിദ്യാഭ്യാസ, കായിക കാര്യ സ്ഥിരസമിതി ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലർ ഷീബ ഡുറോമിന്റെ വോട്ട് അസാധുവായി. ഇതിനുമുൻപ് അവിശ്വാസത്തിലൂടെ ശ്രീജിത്തിനെ ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു. യുഡിഎഫിനേറ്റ തിരിച്ചടിയാണു ഇപ്പോഴത്തെ തിരഞ്ഞെടുപ്പു തോൽവി. ഇതേതുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ഷീബ ഡുറോമിനെ കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തു.
പാർട്ടി വിപ്പ് ലംഘിച്ചതിനു ഷീബ ഡുറോമിനെ സസ്പെൻഡ് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് അറിയിച്ചത്. യുഡിഎഫ് കൗൺസിലർമാരോട് ബാസ്റ്റിൻ ബാബുവിനു വോട്ട് ചെയ്യണമെന്നു ഡിസിസി പ്രസിഡന്റ് വിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ഗൗരവമായി കാണാതെ അശ്രദ്ധ കാരണം വോട്ട് അസാധുവായതിനാലാണ് നടപടി.
എൽഡിഎഫ്– 4, യുഡിഎഫ്– 4, ബിജെപി– 1 എന്നിങ്ങനെയാണു സ്ഥിരസമിതിയിലെ കക്ഷി നില. ബിജെപി കൗൺസിലർ പത്മജ എസ്. മേനോൻ നേരത്തേ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയിതിരുന്നു എന്നാൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ വിട്ടു നിന്നു. യുഡിഎഫിനും എൽഡിഎഫിനും 4 വീതം അംഗങ്ങളായതിനാൽ തിരഞ്ഞെടുപ്പിൽ ചെയർമാനെ കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടി വരുമെന്നായിരുന്നു കണക്കു കൂട്ടൽ.