കാക്കനാട്: കണ്ടെയ്നർ ലോറിക്കടിയിൽപെട്ട സ്കൂട്ടർ യാത്രിക അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10നായിരുന്നു സംഭവം. കാക്കനാട് ടി.വി സെന്ററിനുസമീപം സീപോർട്ട് എയർപോർട്ട് റോഡിൽനിന്ന് തുതിയൂർ ഭാഗത്തേക്ക് തിരിയുന്ന ഈച്ചമുക്ക് ജങ്ഷനിലാണ് സംഭവം. കാക്കനാട് സെസിലെ എസ്.ബി.ഐ ജീവനക്കാരിയാണ് അപകടത്തിൽപെട്ടത്.
ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപെട്ട യുവതി ഇരുചക്ര വാഹനവുമായി യു ടേൺ എടുക്കാൻ സീപോർട്ട് എയർപോർട്ട് റോഡിലേക്ക് കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇതേസമയം, തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് എത്തിയ കണ്ടെയ്നർ കാക്കനാട് ഭാഗത്തേക്ക് പോകാൻ കാത്തുനിൽക്കുകയായിരുന്നു.
യുവതിയുടെ ഇരുചക്ര വാഹനവും കണ്ടെയ്നറും ഒരേസമയം മുന്നോട്ട് എടുത്തപ്പോൾ ഇരുചക്രവാഹനം കണ്ടെയ്നറിന്റെ അടിയിൽപെടുകയായിരുന്നു. കണ്ടെയ്നർ ഇടിച്ചയുടൻ ഇരുചക്ര വാഹനത്തിൽനിന്ന് ചാടിയതുമൂലമാണ് യുവതി രക്ഷപ്പെട്ടത്.