കൊച്ചി ∙ താനൂരിലെ ബോട്ട് ദുരന്തത്തിൽ കേരളം നടുങ്ങുമ്പോഴും നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ജലയാത്രകൾ തുടരുകയാണ്.മറൈൻഡ്രൈവിലാണ് ഏറ്റവും കൂടുതൽ ബോട്ടുകൾ കായൽ സഞ്ചാരങ്ങൾ നടത്തുന്നത്. എഴുപതോളം ബോട്ടുകൾ മറൈൻഡ്രൈവിൽ നിന്നു കായൽ യാത്രകൾ നടത്തുന്നുണ്ട്.സന്ധ്യയ്ക്കു ശേഷം യാത്ര പാടില്ലെന്ന നിർദേശം ലംഘിച്ച് സർവീസുകൾ നടത്തുകയും,ബോട്ടുകളിൽ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങളില്ലെന്നും പരാതിയുണ്ട്.താനൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കോസ്റ്റൽ പൊലീസ് മറൈൻ ഡ്രൈവ് ജെട്ടിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന നടത്തി.
ഇന്നലെ 17ബോട്ടുകൾ മാത്രമാണു സർവീസുകൾ നടത്തിയത്. സർവീസ് നടത്തിയ ബോട്ടുകളിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു കോസ്റ്റൽ പൊലീസ് പറഞ്ഞു.ആവശ്യത്തിനു ലൈഫ് ജാക്കറ്റുകൾ ബോട്ടുകളിൽ ഉണ്ടാകണമെന്നാണു വ്യവസ്ഥയെങ്കിലും അതുണ്ടാകാറില്ല.കൂടാതെ യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിക്കാറുമില്ല.ഭക്ഷണം കഴിക്കാനും ഡിജെ പാർട്ടികളിൽ നൃത്തം ചെയ്യാനും തടസ്സമാകുമെന്നതിനാൽ യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിക്കാൻ മടി കാണിക്കുകയാണെന്ന് ഓപ്പറേറ്റർമാർ പറയുന്നു.
താനൂർ അപകടത്തിന്റെ നടുക്കം നിലനിൽക്കുന്നതിനാൽ മറൈൻഡ്രൈവിൽ ബോട്ട് യാത്രയ്ക്കായി വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്. ജില്ലയിലെ ഭൂതത്താൻകെട്ട്, തട്ടേക്കാട് എന്നിവിടങ്ങളിലും ഇന്നലെ കാര്യമായി ബോട്ട് സർവീസുകൾ നടന്നില്ല.മരട് നഗരസഭ പരിധിയിലെ ടൂറിസം ബോട്ടുകളിൽ നഗരസഭ അധികൃതർ പരിശോധന നടത്തി.