മൂവാറ്റുപുഴ:നഗരത്തിൽ പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ പ്രവർത്തനം തുടങ്ങി. 5 ദിവസത്തിനിടെ 70 പേരെയാണ് മാലിന്യം തള്ളിയതിനു ക്യാമറ പിടികൂടിയത്.ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിയുകയും ഇവരിൽ നിന്ന് നഗരസഭ പിഴ ഈടാക്കുകയും ചെയ്തു.കാവുങ്കര മസ്ജിദ് റോഡിൽ ക്യാമറ സ്ഥാപിച്ചു 3 ദിവസത്തിനകം വാഹനങ്ങളിൽ കൊണ്ട് വന്നു മാലിന്യം തള്ളിയവർ അടക്കം 12 പേരാണ് പിടിയിലായത്.
കീച്ചേരിപ്പടി പച്ചക്കറി മാർക്കറ്റ് പരിസരം, ചാലിക്കടവ് എന്നിവിടങ്ങളിലും ക്യാമറ സ്ഥാപിക്കുന്നതിനു നടപടി പുരോഗമിക്കുകയാണ് ഇത് കൂടാതെ 8, 10 വാർഡുകളിലും മാലിന്യം തള്ളുന്ന പൊതു ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും.വാഴപ്പിള്ളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ് , കീച്ചേരിപ്പടി, ഇഇസി മാർക്കറ്റ് റോഡ്, പിഒ ജംക്‌ഷൻ എന്നിവിടങ്ങളിൽ രാത്രി ഉൾപ്പെടെ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലും മാലിന്യം തള്ളിയവർ പിടിയിലായി.
പിടിയിലായവരിൽ 29 പേർക്ക് നോട്ടിസ് നൽകി. മറ്റുള്ളവരിൽ നിന്ന് 2500 രൂപ വീതം പിഴയും ഈടാക്കി. ഇതിന് പുറമേ ഇരു ചക്ര വാഹനത്തിലും മറ്റും എത്തി നിരത്തിൽ മാലിന്യം തളളിയ വാഹനങ്ങളെ കുറിച്ചും വിവരം ലഭിച്ചു. ഇവർക്ക് മോട്ടർ വാഹന വകുപ്പിൽ നിന്ന് വിലാസം ശേഖരിച്ച് നോട്ടിസ് അയയ്ക്കും.