കൊച്ചി: ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. മുല്ലശ്ശേരി കനാൽ നവീകരണം 85 ശതമാനം പൂർത്തിയാക്കി. കനാൽ നവീകരണ പുരോഗതി വിലയിരുത്തുന്നതിനായി ജോസ് ജങ്ഷൻ മുതൽ സൗത്ത് ജങ്ഷൻ വരെയുള്ള പ്രദേശങ്ങൾ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സന്ദർശിക്കും. കലക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മഴക്കാലത്തിന് മുമ്പേ ചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്.
ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും വർക്ക് ഷെഡ്യൂൾ നൽകണമെന്ന് കലക്ടർ അറിയിച്ചു. മുല്ലശ്ശേരി കനാലിൽ നടത്തിവരുന്ന നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്തിന് മുമ്പ് തന്നെ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കണം എന്നാണ് കലക്ടറുടെ നിർദേശം. കഴിഞ്ഞ മാസം കനാലുകളിലും ഓടകളിലും തുറസ്സവസായ ഇടങ്ങളിലും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് 30 കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വ്യക്തികൾക്ക് എതിരെ മാത്രമല്ല, മാലിന്യ നിക്ഷേപങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ കലക്ടർ നിർദേശിച്ചു.