കൊച്ചി : കൊച്ചി വാട്ടർ മെട്രോയിൽ തിരക്ക് വർദ്ധിക്കുന്നു. 4 ബോട്ട് അറ്റകുറ്റപ്പണിക്കു കയറ്റിയതിനെ തുടർന്ന് ഇത്തരത്തിൽ തിരക്ക് വർദ്ധിക്കുന്നത്. കൊച്ചി കപ്പൽശാല 9 ബോട്ടുകൾ വാട്ടർ മെട്രോക്ക് കൈമാറിയതാണ് എന്നാൽ അവയിൽ 4 ബോട്ടുകൾ അറ്റകുറ്റ പണിക്ക് തിരിച്ചുവിട്ടു. ഇതിൽ ഒരെണ്ണം തിരിച്ചുകിട്ടി. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബോട്ടുകൾ ഇല്ലാത്തത് വാട്ടർ മെട്രോയിൽ നല്ല തിരക്കിന് കാരണമാകുന്നു.
കൊച്ചി വാട്ടർ മെട്രോക്ക് 23 ബോട്ടുകൾ നിർമിച്ച് നൽകാമെന്നാണ് കപ്പൽശാലയുടെ കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ 9 ബോട്ടുകൾ മാത്രമേ നിർമാണം പൂർത്തിയാക്കി ലഭിച്ചിട്ടുള്ളു. കോവിഡ് കാല പ്രതിസന്ധിയാണു ബോട്ടുകളുടെ നിർമാണം വൈകാൻ കാരണമെന്നാണു വിശദീകരണം. വൈപ്പിൻ–ഹൈക്കോടതി റൂട്ടിൽ രാവിലെ 7 മുതൽ രാത്രി 8 വരെ 15 മിനിറ്റ് ഇടവിട്ടും വൈറ്റില– കാക്കനാട് റൂട്ടിൽ 45 മിനിറ്റ് ഇടവേളയിൽ പീക് അവേഴ്സിലും മാത്രമായിരുന്നു ബോട്ട് സർവീസ്.
ഇന്നലെ മുതൽ വൈറ്റില– കാക്കനാട് റൂട്ടിൽ സർവീസുകളുടെ എണ്ണം കൂട്ടി. ഹൈക്കോടതിയിൽനിന്നു വൈപ്പിനിലേക്ക് അവസാന ബോട്ടിൽ കയറാനുള്ള സമയം 8 മണിവരെ ആണെങ്കിലും 7.15 വരെയേ ടിക്കറ്റ് ലഭിക്കൂ. അവസാന ബോട്ടിനുള്ള 96 ടിക്കറ്റുകൾ നൽകിക്കഴിഞ്ഞാൽ കൗണ്ടർ അടയ്ക്കും. ഇതിന് ശേഷം കൊച്ചി വൺ കാർഡുമായോ ക്യൂആർ ടിക്കറ്റുമായോ വരുന്നവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. അവർക്ക് പണം തിരികെ നൽകുന്നതായിരിക്കും. മെട്രോ അധികൃതരുടെ പ്രതീക്ഷകളെ വെല്ലുന്ന തിരക്കാണ് ഈ ഒരാഴ്ച കൊച്ചിയിൽ അനുഭവപ്പെടുന്നത്.