കാക്കനാട്: അടുത്തയാഴ്ച മുതൽ ജില്ലയിൽ ആദ്യമായി റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി(fortified rice) വിതരണം തുടങ്ങുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നു പ്രാദേശിക ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്ക് അരി നീക്കി തുടങ്ങി. ജനങ്ങൾക്കിടയിലെ കുറഞ്ഞുവരുന്ന പോഷകകുറവാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാൻ ഉണ്ടായപ്രധാന കാരണം. സംസ്ഥാനത്ത് ആദ്യമായി ഇത്തരം അരി വയനാട് ജില്ലയിൽ വിതരണം ചെയ്തപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. വിദഗ്ധ പരിശോധനയും ഉപദേശവുമില്ലാതെയാണ് കേരളത്തിൽ ഇത്തരം അരി വിതരണം ചെയ്യുന്നതെന്നായിരുന്നു അന്നത്തെ പരാതി. എന്നിരുന്നാലും സമ്പുഷ്ടീകരിച്ച അരി വിതരണം അടുത്തയാഴ്ച മുതൽ ഉണ്ടാക്കും.
സമ്പുഷ്ടീകരിച്ച അരിയുടെ ആദ്യ വിതരണം കണയന്നൂർ, കൊച്ചി താലൂക്ക് പരിധിയിലെയും എറണാകുളം, കൊച്ചി സിറ്റി റേഷനിങ് ഓഫിസ് (ration office) പരിധിയിലെയും റേഷൻ കടകളിലാകും. കൊച്ചി എഫ്സിഐ ഗോഡൗണിൽ നിന്ന് എരൂർ, കാക്കനാട്, കടവന്ത്ര, പേട്ട, പറവൂർ, ചുള്ളിക്കൽ, മാടവന എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷ ഗോഡൗണുകളിലേക്കാണ് സമ്പുഷ്ടീകരിച്ച അരി കയറ്റി വിടുന്നത്. നിലവിലുള്ള പുഴുക്കലരി വിതരണം കഴിഞ്ഞായിരിക്കും സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുക.
അടുത്തയാഴ്ച അവസാനത്തോടെ ഈ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്കും അരിയെത്തിക്കും. വിലയിൽ മാറ്റം ഒന്നും തന്നെ ഇല്ല. ബിപിഎൽ, എപിഎൽ, എഎവൈ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള അളവിലും വ്യത്യാസമുണ്ടാകില്ല. അങ്കമാലി എഫ്സിഐ ഗോഡൗണിൽ സമ്പുഷ്ടീകരിച്ച അരിയുടെ കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ ജില്ലയിലെ കിഴക്കൻ മേഖലകളിലെ റേഷൻ കടകളിലും ഇതു കിട്ടിത്തുടങ്ങും. കൊച്ചിയിൽ മുഴുവൻ സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാൻ ഇതിനകം തീരുമാനിച്ചിരിക്കുന്നു. കൊച്ചിയിൽ നല്ലരീതിയിൽ ആ ഉദ്യമം നടപ്പിലാക്കാൻ സാധിച്ചാൽ മറ്റ് ജില്ലകളിലും ഒരുപക്ഷെ ഈ അരി വിതരണം ചെയ്തേക്കാം.