Ernakulam

നടപ്പാതയിൽ ഭീഷണിയായി കുപ്പിച്ചില്ല്

മൂവാറ്റുപുഴ: പുഴയോര നടപ്പാതയിലൂടെ പ്രഭാത സവാരിയും സായാഹ്ന സവാരിയും നടത്തുന്നവർ സൂക്ഷിക്കുക. കാലിൽ കുപ്പി ചില്ല് കയറും. ഇരുട്ടിന്റെ മറവിൽ പുഴയോര നടപ്പാത കയ്യേറുന്ന സാമൂഹിക വിരുദ്ധർ ഇവിടെ മദ്യക്കുപ്പികളും മറ്റും പൊട്ടിച്ചിട്ടുണ്ട് .

കഴിഞ്ഞ ദിവസം ഇതിലൂടെ പ്രഭാത സവാരിക്കിറങ്ങിയ ഒരാളുടെ കാലിൽ കുപ്പിച്ചില്ല് കയറിയതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികളും മറ്റും പൊട്ടിച്ച് ഇട്ടിരിക്കുന്നത് കണ്ടത്. മദ്യപരും മറ്റു ലഹരി ഉപയോഗിക്കുന്നവരും ആണ് ഇവിടെ രാത്രി കയ്യടക്കി വച്ചിരിക്കുന്നത്.പുഴയോര നടപ്പാതയിൽ രാത്രി വിളക്കുകൾ തെളിയാത്തതിനാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

മദ്യപാനം കഴിഞ്ഞ് കുപ്പികൾ ഇവിടെ എറിഞ്ഞു പൊട്ടിച്ചു പോകുകയാണ് ചെയ്യുന്നത്. ആദ്യം സ്ഥാപിച്ചിരുന്ന വിളക്കുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിനെ തുടർന്ന് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് വീണ്ടും വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ ഭൂരിപക്ഷവും തെളിയുന്നില്ല എന്നാണ് പരാതി.

വിളക്കുകൾ തെളിയാത്തതിനാൽ ഇരുട്ടിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും തടസ്സമില്ലാതെ നടക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനു തൊട്ടു സമീപമാണ് നടപ്പാത എങ്കിലും പൊലീസും ഇവിടെ ശ്രദ്ധിക്കാറില്ല.