Ernakulam

ഐഎസ്എൽ കണ്ട് കൊച്ചി മെട്രോയിൽ മടങ്ങാം; രാത്രി 11 മണിവരെ സർവീസ്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരം പ്രമാണിച്ച് വ്യാഴാഴ്ച (നവംബർ 28) രാത്രി 11 മണിവരെ സർവീസ് നീട്ടി കൊച്ചി മെട്രോ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് രാത്രി 11 മണിവരെ സർവീസ് ഉണ്ടാകും.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് രാത്രി 9:38, 9:46, 9:55, 10:03, 10:12, 10:20, 10: 29, 10:37, 10:47, 11:00 എന്നീ സമയങ്ങളിൽ മെട്രോ സർവീസ് ഉണ്ടാകും. ആലുവ ഭാഗത്തേക്ക് 9:37, 9:46, 9:54, 10:03, 10:11, 10:20, 10:28, 10:37, 10:45, 10:54 എന്നീ സമയങ്ങളിലും മെട്രോ സർവീസ് നടത്തും.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്ക് കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലാണ് മത്സരം. ചെന്നൈയിൻ എഫ്സിയെ മൂന്നു ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടുന്നത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമായിരുന്നു ചെന്നൈയിൻ എഫ്സിയെ തകർത്തുള്ള ബ്ലാസ്റ്റേഴ്സിൻ്റെ ഉയർത്തെഴുന്നേൽപ്പ്. ജെസ്യൂസ് ജിമെനസ്, നോഹ സദോയി, കെപി രാഹുൽ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ വല കുലുക്കിയത്. രണ്ടാം പകുതിയിലായിരുന്നു ഗോൾ നേട്ടമെല്ലാം.

ഒൻപത് കളിയിൽ മൂന്നു ജയവും രണ്ട് സമനിലയിലും നാല് തോൽവിയും അടക്കം 11 പോയിൻ്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. എട്ട് കളിയിൽ മൂന്ന് ജയവും മൂന്ന് സമനിലയിലും രണ്ട് തോൽവിയും അടക്കം 12 പോയിൻ്റുകളുള്ള എഫ്സി ഗോവ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. സ്വന്തം കളിത്തട്ടിൽ പന്ത് തട്ടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടക്കാൻ ഇനിയുള്ള കളികൾ നിർണായകമാണ്.

എഫ്സി ഗോവക്ക് എതിരെയും വിജയം തുടരാമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. അഡ്രിയാൻ ലൂണ അടക്കമുള്ള‌ താരങ്ങൾ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന്റെ കരുത്ത് കൂട്ടുന്നു. ചെന്നൈയിൻ എഫ്സിക്ക് എതിരെ മൈതാനം നിറഞ്ഞ് കളിച്ച ലൂണ ആരാധകരുടെ കൈയടികൾ നേടിയിരുന്നു.

Kochi Metro latest photos