Ernakulam

സൗഹൃദം അവസാനിപ്പിച്ചതിന് പ്രതികാരം, കൊലപാതകം; സിംനയുടെ ശരീരത്തിൽ 9 മുറിവ്

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മ സിംനയുടെ ശരീരത്തിൽ കത്തി കൊണ്ടുള്ള 9 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ്. കഴുത്തിൽ ആഴത്തിൽ നീളമുള്ള മുറിവാണ് ഉണ്ടായിരുന്നത്. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ സിംനയുടെ മൃതദേഹം കബറടക്കി.

കൊലപാതകത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഷാഹുലിനെ കൈകൾക്കു മുറിവേറ്റ നിലയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. കൊലപ്പെടുത്തിയ ഷാഹുലിന്റെ കൈകളിൽ ആഴത്തിൽ‌ മുറിവുണ്ടായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി. സിംനയെ കൊലപ്പെടുത്തുന്നതിനിടെ കത്തി കൊണ്ട് ഷാഹുലിന്റെ കൈകളിൽ മുറിവേറ്റിരുന്നു. ഇതേ തുടർന്നാണു പൊലീസ് വിദഗ്ധ ചികിത്സയ്ക്കായി ഷാഹുലിനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് ശസ്ത്രക്രിയ നടത്തി. ഇന്നോ നാളെയോ ഇയാളെ  ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം.

സിംനയുടെ കഴുത്തറുത്ത ശേഷം ‌കത്തി കൊണ്ടു തുടർച്ചയായി കുത്തുന്നതിനിടെയാണു ഷാഹുലിന്റെ കൈകളിൽ മുറിവുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ജനറൽ ആശുപത്രിയിൽ നിരപ്പ് കോട്ടക്കുടിതാഴത്ത് സിംനയെ സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പിൽകുടി ഷാഹുൽ അലി കഴുത്തറത്തു കൊലപ്പെടുത്തിയത്. പിതാവിനു ഭക്ഷണം നൽകിയ ശേഷം മകളോടൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു ഷാഹുൽ സിംനയെ ആക്രമിച്ചത്.