തൃപ്പൂണിത്തുറ : നഗരത്തിൽ രണ്ട് വീടുകൾ പിക്കാസ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പൊളിച്ച് കവർച്ച. ഈ സമയം വീട്ടുകാർ ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ എസ്.എൻ. ജങ്‌ഷനും മെയിൻ പോസ്റ്റോഫീസ് ജങ്‌ഷനും മധ്യേ, വൈക്കം റോഡരികിലെ ശക്തി നഗറിലാണ് ദുഃഖവെള്ളിയാഴ്ച രാത്രിയിൽ കവർച്ച നടന്നിരിക്കുന്നത്.
ഇരിങ്ങാലക്കുട സ്വദേശി തട്ടിൽ ജോർജിന്റെ വീട്ടിലും തൊട്ടുചേർന്നുള്ള കറുകച്ചാൽ സ്വദേശി ‘ശിവകൃപ’യിൽ രാജഗോപാലിന്റെ വീട്ടിലുമാണ് മുൻവാതിലുകൾ കുത്തിപ്പൊളിച്ചുള്ള കവർച്ച നടന്നിരിക്കുന്നത്. ജോർജിെന്റ വീട്ടിൽനിന്ന് അഞ്ചുപവൻ സ്വർണാഭരണങ്ങളും വാച്ചും കവർന്നു. വീടിെന്റ സോഫയിൽനിന്ന് ഇരുമ്പിെന്റ രണ്ട് പിക്കാസുകൾ ലഭിച്ചു. ഇത് ഈ വീട്ടുകാരുടേതല്ല. സമീപത്തെ രാജഗോപാലിെന്റ വീട്ടിനുള്ളിൽ ഒരു കൈക്കോട്ടും ഉണ്ടായിരുന്നു. ഇവിടെനിന്ന് ഒന്നും മോഷണംപോയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷന് സമീപം ഇസാഫ് സ്മോൾ ഫിനാൻസ് മൈക്രോ ബാങ്ക് സെക്ഷനിൽനിന്ന് 2,63,000 രൂപ കവർച്ചചെയ്യപ്പെട്ട സംഭവം ഉണ്ടായിരുന്നു. അതിെന്റ പിറ്റേന്നാണ് വീടുകൾ കുത്തിപ്പൊളിച്ചുള്ള കവർച്ച. വീടുകൾ കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങൾ കവർച്ചക്കാർ മറ്റെവിടെനിന്നോ കൊണ്ടുവന്നതാണെന്ന് പോലീസ് കരുതുന്നു.
രാജഗോപാലിെന്റ വീട്ടിൽ താമസക്കാരില്ല. വീട്ടുകാർ ആഴ്ചയിൽ ഒരുദിവസംവന്ന് വീട് വൃത്തിയാക്കി പോകുകയാണ് ചെയ്യുന്നത്. ഇവർ വീടുവാങ്ങിയിട്ട് ഒരുവർഷം ആകുന്നതേ ഉള്ളൂ.
ജോർജിെന്റ വീട്ടിൽ ശനിയാഴ്ച രാവിലെ വീട്ടുജോലിക്കായെത്തിയ സ്ത്രീയാണ് മാരകായുധങ്ങൾ കിടക്കുന്നതും വാതിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതും കണ്ടത്. ഇവർ ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ജോർജ് വ്യാഴാഴ്ച ഇരിങ്ങാലക്കുടയ്ക്ക് പോയതിനാൽ ഭാര്യ ശീതൾ മക്കളോടൊപ്പം തൃപ്പൂണിത്തുറ പുതിയകാവിലെ തറവാട്ടുവീട്ടിലായിരുന്നു. താൻ വെള്ളിയാഴ്ച തൃപ്പൂണിത്തുറയിലെ വീട്ടിൽവന്ന് ചെടികൾക്ക് നനച്ചശേഷം പോയതാണെന്ന് തൃപ്പൂണിത്തുറ കനറാ ബാങ്ക് ജീവനക്കാരിയായ ശീതൾ പറഞ്ഞു. ഈ കുടുംബം ഇവിടെ താമസമാക്കിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. കവർച്ചയ്ക്കെത്തിയവരിൽ ഒന്നിലധികം പേർ ഉണ്ടായിരിക്കും എന്നാണ് അനുമാനം.വെള്ളിയാഴ്ച അർധരാത്രിയ്ക്കു ശേഷം റോഡിൽ നായ്ക്കൾ കുരച്ചുകൊണ്ടേയിരുന്നതായി പറയുന്നു. സമീപത്തെ വീട്ടിലുള്ളവർ എന്തോ ശബ്ദം കേട്ടതായും പറയുന്നുണ്ട്.
തൃപ്പൂണിത്തുറ പോലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.