Ernakulam

തീരമേഖലകളിൽ കുടിനീരിനായി നെട്ടോട്ടമോടി ജനം

അരൂർ: ജലക്ഷാമം അതി രൂക്ഷമായതോടെ പള്ളിത്തോട് തീരമേഖലകളിൽ ജനം കുടിനീരിനായി നെട്ടോട്ടത്തിൽ. കുത്തിയതോട് പഞ്ചായത്തിൽ 1, 16 വാർഡുകളിലും തുറവൂർ പഞ്ചായത്തിന്റെ 16,17 വാർഡുകളിലുമാണു കുടിനീർ പ്രശ്നം അതിരൂക്ഷം. ഏതാനും മാസങ്ങളായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം ശരിയായ തോതിൽ ലഭിക്കുന്നില്ല. ഗാർഹിക കണക്‌ഷനുകളിലൊന്നും വെള്ളം ലഭിക്കാതായതോടെ ഏതാനും ആഴ്ചകളായി റോഡരികിലെ പൊതു ടാപ്പുകളെയാണ് ജനം ആശ്രയിച്ചിരുന്നത്. എന്നാൽ ഇവയിലും വെള്ളം ലഭിക്കാതായതോടെ ജനജീവിതം തന്നെ ദുരിതത്തിലായി. പലരും പണം നൽകിയാണ് ശുദ്ധജലം വാങ്ങുന്നത്. 

രാത്രിയിലും പകലുമായി പൈപ്പിനു മുന്നിൽ കാത്തിരുന്നിട്ടും ഒരു കുടം വെള്ളം പോലും ലഭിക്കുന്നില്ലെന്ന് പള്ളിത്തോട്ടിലെ വീട്ടമ്മമാർ പറഞ്ഞു. ശുദ്ധജലം ശരിയായ രീതിയിൽ ലഭിക്കാത്തതുമൂലം മാസങ്ങളായി ജനം ഇവിടെ പ്രതിഷേധത്തിലാണ്. ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ ഒരു ജലവിതരണ ടാങ്കാണ് ഉള്ളത്. ഇതിൽ നിന്നും ഇരുപഞ്ചായത്തുകളിൽ മുഴുവനായും വെള്ളം എത്തിക്കാൻ കഴിയാത്തതാണ് ജലക്ഷാമം അതിഗുരുതരമായി തുടരാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.