
പറവൂർ: പറവൂർ-ആലുവ റോഡിൽ നഗരമധ്യത്തിൽ ബി.എസ്.എ.എൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തത് മൂലം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി നഗരത്തിൽ ഗതാഗതക്കുരുക്കും ജല വിതരണ തടസ്സവും.
പറവൂർ-ആലുവ പ്രധാന റോഡിൽ സ്വകാര്യ ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് ചൊവ്വാഴ്ച വൈകീട്ട് പൈപ്പ് പൊട്ടി ശുദ്ധജലം വൻതോതിൽ നഷ്ടപ്പെട്ടത്.
അശ്രദ്ധമൂലം 300 എം.എം വ്യാസമുള്ള പ്രധാന പൈപ്പാണ് തകർന്നത്. ഇതുമൂലം ചേന്ദമംഗലം പഞ്ചായത്തിലേക്ക് പൂർണമായും നഗരസഭ പ്രദേശത്ത് ഭാഗികമായും ജലവിതരണം തടസ്സപ്പെട്ടു.

ബുധനാഴ്ച രാവിലെ മുതൽ റോഡ് വെട്ടിപ്പൊളിച്ച് ചോർച്ച നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയതോടെ സ്വകാര്യ സ്റ്റാൻഡിൽനിന്ന് ബസുകൾക്ക് പുറത്തേക്ക് പോകാൻ തടസ്സമായി.
ഇതുമൂലം നമ്പൂരിയച്ചൻ ആൽത്തറ മുതൽ ചേന്ദമംഗലം കവലവരെ ഒരു കിലോമീറ്ററോളം ദൂരത്ത് വൻ ഗതാഗതതടസ്സമുണ്ടായി.
ചൊവ്വാഴ്ച വൈകീട്ട് മുതൽ കച്ചേരിപ്പടിയിൽ ഓട്ടോ സ്റ്റാൻഡിന് സമീപത്തെ കാനയിൽ വെള്ളം നിറഞ്ഞ് റോഡിലും ഓട്ടോ സ്റ്റാൻഡിലും വെള്ളക്കെട്ട് ഉണ്ടായി. വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലായില്ല. തുടർന്ന് ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചു.
ഇവരെത്തി പരിശോധന നടത്തിയപ്പോഴാണ് ബി.എസ്.എ.എൽ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതിനെ തുടർന്നാണ് ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതെന്ന് വ്യക്തമായത്. തുടർന്ന് ബുധനാഴ്ച രാവിലെ മുതൽ റോഡ് വെട്ടിപ്പൊളിച്ച് ചോർച്ച നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയത്.
ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. അറ്റകുറ്റപ്പണി നടത്തി രാത്രിയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു.