ആലുവ : പെരിയാറിനു നടുവിൽ വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലയ്ക്കു സമീപം കരിങ്കല്ലുകൾ കൂടിക്കിടന്നു രൂപംകൊണ്ട തുരുത്ത് പമ്പിങ്ങിനു ഭീഷണിയാകുന്നു.ജലശുദ്ധീകരണ ശാലയിലേക്കു വെള്ളം എടുക്കുന്ന ഇൻടേക്ക് വെല്ലിൽ നിന്ന് 50 മീറ്റർ ദൂരമേയുള്ളൂ തുരുത്തിലേക്ക്.
കിണറിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതിനേക്കാൾ ദോഷം കിഴക്കു നിന്ന് ഒഴുകിയെത്തുന്ന മൃഗങ്ങളുടെ ജഡങ്ങൾ അടക്കമുള്ള മലിന വസ്തുക്കൾ ഒഴുകിപ്പോകാതെ ഇവിടെ കെട്ടിക്കിടക്കുന്നു എന്നതാണ്. വിശാലകൊച്ചി അടക്കം ജില്ലയിലെ 11 ലക്ഷം ആളുകളുടെ ശുദ്ധജല സ്രോതസ്സാണ് ആലുവ പമ്പ് ഹൗസ്.
പുഴയിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിലെ ചെളി നീക്കുന്ന പ്രക്രിയയാണ് ജലശുദ്ധീകരണശാലയിൽ പ്രധാനമായും നടക്കുന്നത്. രോഗാണുക്കളെ നീക്കാൻ ക്ലോറിനേഷൻ സംവിധാനം മാത്രമേയുള്ളൂ.ജലശുദ്ധീകരണശാലയുടെ പരിസരത്തെ മാലിന്യങ്ങൾ സ്വാഭാവികമായും ജനങ്ങൾ കുടിക്കുന്ന വെള്ളത്തിലും കലരാൻ ഇടയാകും.
പുഴ ഇറിഗേഷൻ വകുപ്പിന്റെ കീഴിലായതിനാൽ അവിടെ രൂപംകൊണ്ട തുരുത്തും കരിങ്കല്ലുകളും നീക്കേണ്ട ചുമതല അവരുടേതാണ്. കാക്കനാട് കലക്ടറേറ്റിലെ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ 9 മാസം മുൻപു ജല അതോറിറ്റി അധികൃതർ ഇക്കാര്യം രേഖാമൂലം അറിയിച്ചു. ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും നൽകി. ഇരു വകുപ്പുകളും ചേർന്നു സംയുക്ത പരിശോധന നടത്താൻ പോലും ഇറിഗേഷൻ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.