മൂവാറ്റുപുഴ:സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും സഹായത്തോടെ ജില്ലയിൽ ഗോസമൃദ്ധി എൻ.എൽ.എം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പശു, എരുമ ഉൾപ്പെടെയുള്ള കന്നുകാലികൾക്കും അവയെ വളർത്തുന്ന കർഷകനും പരിരക്ഷ നല്കുന്നതാണ് പദ്ധതി.
മൂന്ന് വർഷത്തേക്കും ഒരുവർഷത്തേക്കും ഉരുക്കളെ ഇൻഷ്വർ ചെയ്യാം.ജനറൽ വിഭാഗത്തിലും പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട കർഷകർക്കും പദ്ധതിയിൽ ഗുണഭോക്താക്കളാകാം.
ജില്ലയിലെ 3325 ഉരുക്കൾക്കും അവരുടെ ഉടമസ്ഥർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.65000 രൂപ മതിപ്പ് വില വരുന്ന ഉരുവിന് ജനറൽ വിഭാഗത്തിന് 1356 രൂപയും എസ്.സി ,എസ്. ടി വിഭാഗത്തിന് 774 രൂപയാണ് ഗുണഭോക്തൃ വിഹിതം.

പദ്ധതിയുടെ സബ്സിഡിയിൽ 1456 രൂപ സർക്കാർ വിഹിതവും 100 രൂപ പൊതുമേഖല സ്ഥാപനമായ കേരളാ ഫീഡ്സിന്റെയുമാണ്. 100 രൂപ പ്രീമിയത്തിൽ കർഷകന് 5 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ള കർഷകർ അതത് തദ്ദേശ സ്ഥാപനങ്ങളിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.