Ernakulam

പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ആലുങ്ങക്കടവ് പാലം ശനിയാഴ്ച തുറക്കും

നെടുമ്പാശേരി ∙ പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തടസ്സങ്ങൾ നീങ്ങി, നിർമാണം പൂർത്തിയാക്കി ആലുങ്ങക്കടവ് പാലം തുറക്കുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനാകും.

നെടുമ്പാശേരി പഞ്ചായത്തിൽ മേയ്ക്കാടിനെയും പറമ്പുശേരിയെയും ബന്ധിപ്പിച്ച് മാഞ്ഞാലിത്തോടിനു കുറുകെയാണ് പുതിയ പാലം നിർമിച്ചത്. 32.162 മീറ്റർ നീളമുള്ള 5 സ്പാനുകളിലായി 160.8 മീറ്റർ നീളമാണ് പാലത്തിന്. 7.5 മീറ്റർ വീതിയിൽ കാര്യേജ് വേയും 7.5 മീറ്റർ വീതം ഇരുവശത്തും ഫുട്പാത്തും ഉൾപ്പെടെ 11.23 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലം തുറക്കുന്നതോടെ അത്താണിയിൽ നിന്ന് മാള, പുത്തൻവേലിക്കര ഭാഗങ്ങളിലേക്ക് 5 കിലോമീറ്റർ യാത്രാ ദൂരം ലാഭിക്കാം. 

2015ൽ 11.25 കോടി രൂപ നബാർഡിൽ നിന്ന് അനുവദിച്ചാണ് പാലം നിർമാണത്തിന് ഉത്തരവായത്. 2016ൽ നിർമാണം തുടങ്ങി. 2017ൽ പാലത്തിന്റെയും 19 മീറ്റർ പാർശ്വ ഭിത്തിയുടെയും നിർമാണം പൂർത്തിയായി. എന്നാൽ അപ്രോച്ച് റോഡ് നിർമാണം തടസ്സങ്ങളിൽ കുടുങ്ങി. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് പാലം വേദിയായി. നാട്ടുകാർ സ്വന്തം ചെലവിൽ മണ്ണടിച്ചും മറ്റും പാലം താൽക്കാലികമായി ഉപയോഗിച്ചു തുടങ്ങി. അപ്രോച്ച് റോഡ് വരുന്നതിന് മുമ്പ് പാലത്തിൽ ഗോവണി വെച്ച് കയറിയും മറ്റും ആണ് ആളുകൾ മറുകരയെത്തിയത്. അപ്രോച്ച് റോഡ് നിർമാണത്തിന് 2015ൽ തന്നെ സ്ഥലം ഏറ്റെടുക്കുന്നതിനായി 1.34 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും അക്വിസിഷൻ നടപടികൾ പിന്നെയും നീണ്ടു.

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാൻ നിയമസഭയിൽ വരെ വിഷയം അവതരിപ്പിക്കേണ്ടി വന്നതായി അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. നിരന്തര സമ്മർദത്തിന്റെ ഫലമായി 2022ൽ 38.92 ആർ ഭൂമി ഏറ്റെടുത്ത് കൈമാറിയെങ്കിലും റോഡ് നിർമാണം പിന്നെയും നീണ്ടു. തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് അപ്രോച്ച് റോഡ് നിർമിക്കുന്നതിന് 2 കോടി രൂപ അനുവദിക്കുകയായിരുന്നു. പാലത്തിന്റെ ഇരുവശത്തും 100 മീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിൽ അപ്രോച്ച് റോഡ് നിർമിച്ചു. പറമ്പുശേരി ഭാഗത്ത് 40 മീറ്റർ നീളത്തിലും മേയ്ക്കാട് ഭാഗത്ത് 80 മീറ്റർ നീളത്തിലും ടൈൽ വിരിച്ചുള്ള സർവീസ് റോഡും സജ്ജമാക്കിയിട്ടുണ്ട്.