Edappally Ernakulam

നൈസ് സ്ലീപ് ഹോസ്റ്റലുകളുടെ പേരിൽ 14 കോടി തട്ടിയയാൾ പിടിയിൽ

nice sleep hostal scam news ernakulam

കളമശേരി: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ‘നൈസ് സ്ലീപ്’എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ 50 ശതമാനം ഓഹരികൾ നൽകാമെന്നു വിശ്വസിപ്പിച്ചു പലരിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കാസർകോട് ഉടുമ്പുംതല ഹാജിമാടയ്ക്കൽ വീട്ടിൽ എം.കെ. സൈദിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു.‘നൈസ് സ്ലീപിന്’ എഴുപതോളം ഹോസ്റ്റലുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. 50% ഓഹരി നൽകി നിക്ഷേപം എന്ന രൂപത്തിൽ പലരിൽ നിന്നായി പണം കൈപ്പറ്റി. മുതൽ മുടക്ക് ലാഭവിഹിതത്തോടുകൂടി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു പണം കൈപ്പറ്റിയത്.

house for sale in ernakulam

പിന്നീട് ഇതേ ഹോസ്റ്റലുകളുടെ ഓഹരി മറ്റാളുകൾക്കു മറിച്ചു നൽകി കരാർ ഉണ്ടാക്കിയും പണം തട്ടി. ഈ ഇടപാടുകളിലൂടെ 14 കോടിയോളം രൂപ ഇയാൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. കളമശേരിയിൽ ഒന്നും എളമക്കരയിൽ രണ്ടും കേസ് അടക്കം ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സംസ്ഥാനം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണു സൈദിനെ പിടികൂടിയതെന്നു പൊലീസ് വ്യക്തമാക്കി.

house for sale in ernakulam

ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എൽദോ, ശ്യാം ലാൽ, എഎസ്ഐ സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ മാഹിൻ അബൂബക്കർ, ഷിബു എന്നിവരടങ്ങിയ പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.