
ആലുവ: ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരിക്കു രക്ഷകയായി സഹയാത്രികയായ നഴ്സ്. രോഗിയായ ബന്ധുവിനെ സന്ദർശിക്കാൻ മകൾക്കൊപ്പം കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പരശുറാം എക്സ്പ്രസിൽ വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശി സുശീലയാണു ശാരീരിക അസ്വസ്ഥതയെ തുടർന്ന് അബോധാവസ്ഥയിലായത്.

ട്രെയിൻ തൃപ്പൂണിത്തുറ വിട്ടപ്പോഴായിരുന്നു സംഭവം. മകളുടെ കരച്ചിൽ കേട്ടു തൊട്ടടുത്ത കംപാർട്മെന്റിൽ നിന്നെത്തിയ അമിത കുര്യാക്കോസിന്റെ ഇടപെടൽ സുശീലയ്ക്കു തുണയായി. പൾസ് കിട്ടാതെ വന്നപ്പോൾ സുശീലയെ തറയിൽ കിടത്തി അമിത 5 തവണ സിപിആർ നൽകി. അതോടെ സുശീല കണ്ണു തുറന്നു. പൾസ് വീണ്ടെടുത്തു. യാത്രക്കാരിലൊരാൾ ഇതിനിടെ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. അടുത്ത സ്റ്റേഷനിൽ ഇറങ്ങിയ സുശീലയും മകളും ഡോക്ടറെ കണ്ട ശേഷം നാട്ടിലേക്കു മടങ്ങി.

ആലുവ രാജഗിരി ആശുപത്രിയിലെ കാർഡിയാക് ഐസിയു നഴ്സാണ് അമിത. നഴ്സിങ് ഡയറക്ടർ ഡോ. എലിസബത്ത് ഡേവിഡിന്റെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെന്റ് അമിതയെ അനുമോദിച്ചു. നാട്ടിലെത്തിയ സുശീല വിഡിയോ കോളിലൂടെ നന്ദി അറിയിച്ചു.