
കൊച്ചി: കലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന 70 പവന്‍ ആഭരണങ്ങളും പണവും ആധാരങ്ങളും കവര്‍ന്ന വിവരം പുറത്ത് വന്നത് അയൽവീട്ടിലെ സി.സി.ടി.വിയുടെ സഹായത്തോടെ. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്‌സ് ലെയിനിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടിൽ വെള്ളിയാഴ്ച അർധരാത്രി 12.40നാണ് മോഷണം നടന്നത്. രണ്ടുപേരാണ് വീടിന്റെ മതിൽചാടി അകത്തുകടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ടോയ്ലറ്റിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയ ഇവര്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്.
വെള്ളിയാഴ്ച അയല്‍വാസി വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടുപേർ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ വീടിന്റെ ഉടമക്ക് അയച്ചുകൊടുത്തു. തുടർന്ന് ഉടമ വീട്ടിലെത്തി മോഷണം നടന്നത് സ്ഥിരീകരിച്ചു. നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേക അന്വേഷണസംഘം പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നോര്‍ത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഈ വീടിനും പരിസരത്തും സ്ഥിരമായി ആക്രി പെറുക്കുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ എ.സി.പി സി. ജയകുമാര്‍ പറഞ്ഞു. നഗരത്തില്‍ രാത്രി തങ്ങുന്ന സംഘങ്ങളെയും പരിശോധിക്കുന്നുണ്ട്. സ്ഥിരം മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തു. അടുത്തിടെ ജയില്‍ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
മറ്റേതെങ്കിലും സംസ്ഥാന സംഘത്തിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. കെ.എസ്.ഇ.ബിയില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറായ വീട്ടുടമ തൃശൂരിലും ബാങ്ക് ജീവനക്കാരിയായ ഭാര്യ ബംഗളൂരുവിലുമാണ് ജോലി ചെയ്യുന്നത്. മക്കളും ഇതര സംസ്ഥാനങ്ങളിലാണ് താമസം.