കാക്കനാട്: തട്ടുകട ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ ചോദ്യംചെയ്ത തട്ടുകട ഉടമക്ക് കുത്തേറ്റു. കടയുടമ എൻ.ജി.ഒ ക്വാർട്ടേഴ്സ് മേലേകല്ലൂർ സന്തോഷിനാണ് (40) കുത്തേറ്റത്. സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശി തെക്കേമുളളിയിൽ വീട്ടിൽ അബ്ദുൽ വാഹിദിനെ (37) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു
വെള്ളിയാഴ്ച രാത്രി 11ന് കാക്കനാട് ഐ.എം.ജി ജങ്ഷനിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതി ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത തട്ടുകട ഉടമ സന്തോഷുമായി പ്രതി വാക്തർക്കമായി. തുടർന്നാണ് കത്തിക്കുത്തിൽ കലാശിച്ചത്. നെഞ്ചിലും കൈയിലും തുടയിലും കുത്തേറ്റ സന്തോഷിനെ കളമശ്ശേരി മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
പ്രതി വാഹിദ് കാപ്പ ചുമത്തി കൊല്ലം ജില്ലയിൽനിന്ന് നാടുകടത്തിയ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട് ഐ.എം.ജി ജങ്ഷനിലെ തന്നെ മറ്റൊരു കടയിൽ ജനുവരി മുതൽ ജോലി ചെയ്തു വരുകയായിരുന്നു പ്രതി.