Ernakulam

ഫോർട്ട്‌കൊച്ചിയിൽ റിപ്പയറിങ്ങിനിടെ ട്രാൻസ്‌ഫോർമറിൽ നിന്ന് തീപ്പൊരിവീണ് കാറിന് തീപിടിച്ചു

ഫോർട്ട്‌കൊച്ചി : ഫോർട്ട്‌കൊച്ചിയിൽ ട്രാൻസ്‌ഫോർമർ നന്നാക്കുന്നതിനിടെ തീപ്പിടിത്തം. തീയും ഓയിലും വീണ് താഴെ കിടന്നിരുന്ന കെ.എസ്.ഇ.ബി.യുടെ കാറിന് തീപിടിച്ചു. കാർ കത്തിനശിച്ചു. ട്രാൻസ്‌ഫോർമറിന്റെ കേബിളുകളും ഷട്ടറുകളും നശിച്ചു. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ചിരട്ടപ്പാലം കിറ്റ്കാറ്റ് റോഡിലുള്ള ട്രാൻസ്‌ഫോർമർ രാത്രി തകരാറിലായി. ജീവനക്കാരെത്തി ഇത് ശരിയാക്കി ചാർജ് ചെയ്യുമ്പോഴാണ് പൊടുന്നനെ പൊട്ടിത്തെറിച്ച്, തീപ്പൊരി താഴേക്കുവീണത്. ട്രാൻസ്‌ഫോർമറിന് താഴെ ഇട്ടിരുന്ന കെ.എസ്.ഇ.ബി.യുടെ കരാർ വാഹനമാണ് കത്തിനശിച്ചത്. മട്ടാഞ്ചേരിയിൽനിന്ന് ഫയർ യൂണിറ്റ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.

മട്ടാഞ്ചേരി അസി. സ്റ്റേഷൻ ഓഫീസർ എം.എൻ. മഹേഷ്, ലിവിൻസൺ, മനു, പ്രജോ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. അപകടവുമായി ബന്ധപ്പെട്ട് ഏതാണ്ട് 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.