Ernakulam

യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച കേസ്: യുവാവ് പിടിയിൽ

കൊച്ചി: യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ കടവന്ത്ര ഉദയ കോളനിയിൽ ദേവനെ (35) അറസ്റ്റുചെയ്തു. വടുതല സ്വദേശിയായ യുവാവ് 14ന് രാത്രി 10.30ഓടെ സുഹൃത്തിനെ കാണാൻ വീടിന് അടുത്തുള്ള ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു കവർച്ചാശ്രമം.

എക്‌സൈസ് ഓഫീസർമാരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ താൻ എം.ഡി.എം.എ കച്ചവടക്കാരനല്ലേ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. പണം തന്നാൽ വെറുതെവിടാമെന്നും പറഞ്ഞു. ഇതുകേട്ട് ഭയന്ന് വീട്ടിലേക്കോടിയ യുവാവിനെ പിടികൂടിയ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കൈവശം പണമില്ലെന്ന് കണ്ടപ്പോൾ മൊബൈൽഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ബഹളംകേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലംവിട്ടു.

യുവാവിന്റെ പരാതിയിൽ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രതീഷ്, രാജീവ്, സി.പി.ഒമാരായ വിനീത്, അജിലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു.