തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ പൊതുശ്മശാനത്തിലെ മൂന്നു സെന്റ് ഭൂമിയിൽ സെമിത്തേരി പണിയാൻ ഇന്നലെ ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. അത്താണി സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻസണിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കൗൺസിൽ യോഗം.
കഴിഞ്ഞ നവംബറിൽ ഇതേ പള്ളിയുടെ അപേക്ഷ പ്രകാരം പൊതുകല്ലറ പണിയാനും ആർക്ക് വേണമെങ്കിലും മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കാനും ഇതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചിരുന്നതാണ്. മുമ്പ് തീരുമാനമെടുത്ത വിഷയത്തിൽ അടിയന്തരമായി വീണ്ടും യോഗം വിളിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ ചെയർപേഴ്സൺ രാധാമണി പിള്ളയ്ക്ക് സാധിച്ചില്ല. ഒരു സമുദായത്തിന് മാത്രമായി പൊതുശ്മശാനത്തിലെ സ്ഥലം അനുവദിക്കാനാവില്ലെന്നും കല്ലറ ഫീസ് നൽകി ആർക്കും ഉപയോഗിക്കാമെന്നും അവർ വ്യക്തമാക്കി. തിരക്കുപിടിച്ച് ഇത്തരം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ തീരുമാനിക്കരുതെന്നും സ്വതന്ത്ര അംഗമായ പി.സി. മനൂപും യോഗത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വമാണ് സെമിത്തേരി അനുവദിക്കാൻ ഭരണസമിതിയിൽ നിർബന്ധം ചെലുത്തിയത്. മൂന്നു മാസം മുമ്പ് പൊതുകല്ലറ പണിയാമെന്ന് തീരുമാനിച്ചിട്ടും ഇവിടെ മതപരമായ ചടങ്ങുകൾ നടത്താനും കുരിശ് സ്ഥാപിക്കാനും കൂടി അനുവാദം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ വീണ്ടും അടിയന്തര യോഗം വിളിച്ചത്. ആദ്യതീരുമാനം തന്നെയാണ് യോഗത്തിൽ ആവർത്തിച്ചതെങ്കിലും മിനിട്ട്സിൽ മതചടങ്ങുകൾക്ക് കൂടി അനുമതി എഴുതി ചേർത്തിട്ടുണ്ട്.
തൃക്കാക്കരയിലെ കോൺഗ്രസ് നേതാക്കളെ ചൊവ്വാഴ്ച ഡി.സി.സി ഓഫീസിൽ വിളിച്ചുവരുത്തി ഇക്കാര്യത്തിൽ അന്ത്യശാസനം നൽകിയിരുന്നു.