Ernakulam

‘റോഡ് കഴുകലല്ല ഞങ്ങളുടെ ഡ്യൂട്ടി’ : കാക്കനാട് മാലിന്യ ലോറികൾ തടഞ്ഞ് ഫയർഫോഴ്സ്

കാക്കനാട് : നിത്യേനെ റോഡിൽ പരന്നൊഴുകുന്ന മലിനജലം കഴുകികഴുകി സഹികെട്ട തൃക്കാക്കര അഗ്നിരക്ഷാസേന ഒടുവിൽ രംഗത്ത്. ബ്രഹ്മപുരം പ്ലാന്റിലേക്ക് കുതിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിലെ റോഡുകളിൽ മാലിന്യമൊഴുക്കുന്ന കോർപ്പറേഷൻ ലോറികളെ റോഡിലിറങ്ങി തടഞ്ഞാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രതിഷേധിച്ചത്.

“സഹികെട്ടിട്ടാണ് ഞങ്ങൾ ഈ വണ്ടികൾ തടഞ്ഞിട്ടത്, ഇപ്പോൾ വിട്ടാൽ ബൈക്ക് യാത്രക്കാർ വീണെന്ന് പറഞ്ഞ് ഉടനടി തന്നെ ഓഫീസിലേക്ക് കോൾ വരും, പിന്നാലെ പോയി റോഡ് കഴുകേണ്ടി വരും. ഇന്നും ഇന്നലെയുമല്ല, രണ്ടുമാസമായി റോഡ് കഴുകലാണ് ഞങ്ങളുടെ ഡ്യൂട്ടി.കടുത്ത വേനലിലെ തീപ്പിടിത്തം അണയ്ക്കാൻ തന്നെ നേരം കിട്ടുന്നില്ല”-മുന്നിൽ നിർത്തിയിട്ട മാലിന്യ ലോറികളിലെ ഡ്രൈവർമാരോട് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദമാക്കി. വ്യാഴാഴ്ച രാവിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ കളക്ടറേറ്റ് സിഗ്നൽ ജങ്ഷന് സമീപമാണ് ഈ രംഗങ്ങൾ അരങ്ങേറിയത്.

ബുധനാഴ്ച അർധരാത്രി മാലിന്യ ലോറിയിൽ നിന്ന് ഒലിച്ചിറങ്ങിയ മലിനജലത്തിൽ തെന്നി നാല് ഇരുചക്ര വാഹനയാത്രക്കാരാണ് വീണത്. ഈ സമയത്ത് അഗ്നിരക്ഷാ സേന റോഡ് കഴുകാൻ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെയും ഈ റോഡിൽ തന്നെ മലിനജലത്തിൽ മൂന്ന് ഇരുചക്ര വാഹനയാത്രക്കാരും വീണു. ഈ മാലിന്യവും വെള്ളമടിച്ച് കഴുകി വൃത്തിയാക്കുമ്പോഴായിരുന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ മലിനജലം ഒഴുക്കിക്കൊണ്ട് മറ്റ് ലോറികളുടെ വരവ്.

ഇതുകൂടി കണ്ടതോടെയാണ് അഗ്നിരക്ഷാ സേന അംഗങ്ങൾ അറ്റകൈ പ്രയോഗമായി കോർപ്പറേഷൻ വണ്ടികൾ തടഞ്ഞിട്ടത്. ലോറിക്ക് പിന്നിലേക്ക് വിളിച്ചു വരുത്തി ഡ്രൈവറെ മലിനജലം ഒഴുകുന്ന രംഗങ്ങൾ കാണിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്ക് യാത്രികനും ഈ ഭാഗത്ത് തെന്നി വീണത്. ഇതോടെ പിന്നാലെ വന്ന ലോറികളും സേനാംഗങ്ങൾ തടഞ്ഞ് റോഡരികിൽ നിർത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫയർഫോഴ്സ് തുടങ്ങിവെച്ച പ്രതിഷേധം ഏറ്റെടുത്തു.

ഇതോടെ റോഡ് കഴുകി വൃത്തിയാക്കി തൃക്കാക്കര അഗ്നിരക്ഷാ സേന പ്രവർത്തകർ അടുത്ത ദൗത്യത്തിനായി പുറപ്പെട്ടു. യൂത്ത് കോൺഗ്രസുകാർ പിന്നാലെ വന്ന മാലിന്യ ലോറികളും തടഞ്ഞിട്ടതോടെ റോഡിൽ സംഘർഷാവസ്ഥയായി.

ചില പ്രവർത്തകർ വണ്ടി തടഞ്ഞ് ലോറിയുടെ താക്കോൽ ഊരിയെടുക്കുകയും ഡ്രൈവർമാർക്കെതിരെ കൈയേറ്റത്തിന് മുതിരുകയും ചെയ്തു.
ഒടുവിൽ പോലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കൊച്ചി കോർപ്പറേഷനിൽനിന്ന് ബ്രഹ്മപുരത്തേക്ക് നിത്യേനെ നിരവധി മാലിന്യലോറികളാണ് തൃക്കാക്കര നഗരസഭാ പരിധിയിലൂടെ കടന്നുപോകുന്നത്.

ചീഞ്ഞളിഞ്ഞ മാലിന്യവും മലിനജലവും തിരക്കേറിയ റോഡുകളിൽ ഒഴുകുകയാണ്. ഇതിനുപിന്നാലെ തെന്നി വീഴുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം ദൈനംദിനം കൂടിവരുകയാണ്.

നിരവധി പേരുടെ കൈയും കാലും അപകടത്തിൽപ്പെട്ട് ഒടിഞ്ഞിട്ടുണ്ട്. കോൺഗ്രസ് സമരത്തിന് മണ്ഡലം പ്രസിഡന്റ് ബാബു ആന്റണി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസീന ഉമ്മർ, നേതാക്കളായ ലിജി സുരേഷ്, പി.എസ്. സുജിത്, ആംബ്രോസ് തുതിയൂർ, റൂബൻ പൈനാക്കി, കെ.കെ. സതീശൻ, മനോജ് കണ്ണങ്കേരി തുടങ്ങിയവർ നേതൃത്വം നൽകി