Ernakulam

ആൽമരത്തിൽ ബോധനെ പ്രതിഷ്ഠിച്ചു; കൊച്ചിയിൽ ഇനി ഹോളി ആഘോഷം

മട്ടാഞ്ചേരി : ഹോളി ആഘോഷത്തിനുമുന്നോടിയായി കൊച്ചിയിലെ കൊങ്കണിത്തെരുവിലെ ആൽമരത്തിൽ ബോധനെ പ്രതിഷ്ഠിച്ചു. വൈക്കോലും തുണിയുമൊക്കെ ചേർത്തുകെട്ടി രൂപപ്പെടുത്തുന്ന ബോധരൂപത്തെ ആൽമരത്തിൽ പ്രതിഷ്ഠിച്ചാണ് കൊങ്കണി സമൂഹം ഹോളിയാഘോഷം തുടങ്ങുന്നത്.

ബോധൻ എന്നാൽ കാമദേവൻ എന്നാണർഥമാക്കുന്നത്. ഹോളിയാഘോഷത്തിന്റെ ഭാഗമായി അവസാനനാളിൽ ഈ ബോധരൂപത്തെ അഗ്നിക്കിരയാക്കും. മഞ്ഞക്കുളി എന്ന ചടങ്ങോടെയാണ് ആഘോഷം സമാപിക്കുന്നത്. ബോധനെ പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ കൊങ്കണി സമൂഹം ബോധനെന്ന് പറഞ്ഞ് പരിഹസിക്കുന്ന സമ്പ്രദായവുമുണ്ട്. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണിത്. ചെറളായി, അമരാവതി പ്രദേശങ്ങളിലാണ് പരമ്പരാഗത രീതിയിലുള്ള ഈ ആഘോഷം കാണുന്നത്.

25-നാണ് ഹോളി ആഘോഷം. 31-ന് വൈകീട്ട് ആഘോഷത്തിനായി കൊങ്കണി സമൂഹം ഒത്തുചേരും. പരസ്പരം നിറങ്ങൾ വാരിയെറിയും. ബോധരൂപത്തെ വാദ്യങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. ഘോഷയാത്ര തിരുമല ദേവസ്വം ക്ഷേത്രത്തിനടുത്ത് സമാപിക്കും. തുടർന്ന് ബോധരൂപത്തെ അഗ്നിക്കിരയാക്കും. അതിനുശേഷം മഞ്ഞക്കുളിയോടെ ആഘോഷം സമാപിക്കും.