മലയാറ്റൂർ: എറണാകുളം മലയാറ്റൂരിൽ വീണ്ടും മുങ്ങിമരണം. മലയാറ്റൂർ തീർഥാടനത്തിനെത്തിയ രണ്ടുപേരാണ് പുഴയിൽ മുങ്ങിമരിച്ചത്. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. രാവിലെ തീർഥാടനത്തിനെത്തിയ വൈപ്പിൻ സ്വദേശി സിജോ (19) മുങ്ങിമരിച്ചിരുന്നു. ഇതോടെ ഇന്ന് മാത്രം മലയാറ്റൂരിൽ മുങ്ങിമരിച്ചത് മൂന്നുപേരാണ്.
രാവിലെ 8:30ന് ഇല്ലിത്തോട് പുഴയിലായിരുന്നു ആദ്യ അപകടം. ഇതിന് ഒരു കിലോമീറ്റർ അകലെയാണ് ഉച്ചയ്ക്ക് 1:30ഓടെ രണ്ടാമത്തെ സംഭവം.ഊട്ടിയിൽ നിന്നെത്തിയ തീർഥാടക സംഘത്തിലെ മൂന്നുപേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. രണ്ടുപേർ അപകടത്തിൽപെടുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൂന്നു മൃതദേഹവും പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.