തൃപ്പൂണിത്തുറ: ടൺകണക്കിന് മരത്തടി കയറ്റിവന്ന ലോറിയിൽ നിന്നും ലോഡ് കെട്ടിയിരുന്ന കയർ പൊട്ടി തടിക്കഷണങ്ങൾ റോഡിൽ വീണു. പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി. തൃപ്പൂണിത്തുറ മിനി ബൈപ്പാസിൽ ഗവ. ആർ.എൽ.വി. കോളേജിന് മുൻവശം വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. കൊല്ലത്തുനിന്നും പെരുമ്പാവൂരിലേക്ക് ടൺ കണക്കിന് തടിക്കഷണങ്ങൾ കയറ്റിപ്പോവുകയായിരുന്ന ലോറിയിൽനിന്നാണ് കയർ പൊട്ടി തടികൾ റോഡിലും കോളേജ് ഗേറ്റിന് മുന്നിലേക്കുമായി വീണത്. ഇതേത്തുടർന്ന് ലോറി മുന്നോട്ട് അനക്കാനായില്ല. തടിക്കഷണങ്ങൾ റോഡിന്റെ വലതുവശത്തേക്ക് വീഴാതിരുന്നത് ഭാഗ്യമായി.
നിരന്തരം വാഹനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന പ്രധാന റോഡാണിത്. ഇടതുവശത്തേക്ക് വീണതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. തടിക്കഷണങ്ങൾ വന്ന് കൂടിയതിനാൽ കോളേജിെന്റ ഒരു ഗേറ്റ് തുറക്കാനായില്ല. മറുഭാഗത്തുള്ള ഗേറ്റ് വഴിയാണ് വിദ്യാർഥികളും അധ്യാപകരും കോളേജിൽ പ്രവേശിച്ചത്. തടികൾവീണ് റോഡരികിലെ കോൺക്രീറ്റ് കുറ്റികൾ രണ്ടെണ്ണം മറിഞ്ഞുവീണു. ചെറുതായി ഗതാഗതം തടസ്സം ഉണ്ടായതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. തടിക്കഷ്ണങ്ങൾ മറ്റൊരു ലോറിയിൽ കയറ്റി മാറ്റിയശേഷം രാത്രിയാണ് റോഡ് ഗതാഗതം സാധാരണനിലയിലായത്.