തോപ്പുംപടി: ഹാർബർ പാലം അടച്ചിട്ടു കൊണ്ടുള്ള അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികൾ ചെയ്യുന്നത്. ടാർ ഇളകി കുഴികൾ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്കരമായിരുന്നു. ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നതും പതിവായിരുന്നു. ഇടയ്ക്ക് കുഴിയടക്കൽ നടത്തിയെങ്കിലും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കുഴികൾ നിറഞ്ഞു.
പാലം ഉടൻ നന്നാക്കണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫിസിലും സമരങ്ങൾ നടത്തിയിരുന്നു. പുതുവത്സരാഘോഷത്തിന് മുൻപ് പാലത്തിലെ പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് മുണ്ടംവേലി സ്വദേശി എൻ.ജെ.ഫ്രാൻസിസ് ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
28 വരെ പാലം അടച്ചിടുന്നതിനാണ് പൊതുമരാമത്ത് നിർദേശം നൽകിയിട്ടുള്ളതെങ്കിലും ഞായറാഴ്ചയോടെ പണികൾ തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. വാഹനങ്ങളെല്ലാം ബിഒടി പാലത്തിലൂടെയും കണ്ണങ്കാട്ട് പാലത്തിലൂടെയും കടത്തി വിടും. അറ്റകുറ്റപ്പണി കഴിയും വരെയുള്ള ഗതാഗത ക്രമീകരണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് കെ.ജെ.മാക്സി എംഎൽഎ അഭ്യർഥിച്ചു.