കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃക്കാക്കര കാർഡിനൽ എൽ.പി സ്കൂളിൽ മുണ്ടിനീര് ലക്ഷണങ്ങളുമായി ഏതാനും കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മുന്നോ നാലോ കുട്ടികൾക്കാണ് ആദ്യം രോഗലക്ഷണം കണ്ടത്. സ്കൂൾ അധികൃതർ ഇതിനെ ഗൗരവത്തിലെടുത്തില്ല. തുടർന്ന് സ്കൂളിലെ 40ൽ അധികം കുട്ടികളിലും ചില അധ്യാപകരിലുംരോഗലക്ഷണം കണ്ടത്.
തുടർന്ന് ജില്ല ആരോഗ്യ വകുപ്പധികൃതർ സ്കൂളിന് അവധി നൽകാൻ നിർദേശിക്കുകയായിരുന്നു. മേഖലയിൽ പലഭാഗങ്ങളിലും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവർഷങ്ങളായി മുണ്ടിനീരിന് വാക്സിൻ നൽകുന്നില്ല.
ബാധിക്കുക ഉമിനീർഗ്രന്ഥികളെ..
പാരമിക്സൊ വൈറസാണ് രോഗാണു. വായുവിലൂടെ പകരും. രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് തൊട്ടുമുമ്പും വീങ്ങിയശേഷം ആറുദിവസംവരെയുമാണ് രോഗം പകരുക. അപൂർവമായി മുതിർന്നവരെയും ബാധിക്കാറുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധ തലച്ചോർ, വൃഷണം, അണ്ഡാശയം, പാൻക്രിയാസ് ഗ്രന്ഥി എന്നിവയെ ബാധിക്കാം. കേൾവിത്തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ച് എൻസഫലൈറ്റിസ് വരാം.
ലക്ഷണങ്ങൾ…
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കം. മുഖത്തിന്റെ ഒരുവശത്തെയോ രണ്ടുവശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന. ചെറിയപനിയും തലവേദനയും. വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന. രോഗംഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക.