കാക്കനാട്: കാറിന്റെ ഡിക്കിയിൽ ഇരുന്ന് റീൽസ് ചിത്രീകരിച്ചതിനും ലേണേഴ്സ് ലൈസൻസ് എടുക്കാത്തയാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയതിനും നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റീൽസ് ഷൂട്ട് ചെയ്യാൻ ഡിക്കി തുറന്ന് വാഹനം ഓടിച്ച വാഴക്കുളം സ്വദേശി ശ്രീജേഷിന്റെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. 4000 രൂപ പിഴയും ചുമത്തി. ആഡംബര കാർ വിൽക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ ഇടാനാണ് റീൽസ് ഷൂട്ട് ചെയ്തത്.
സീപോർട്ട് – എയർപോർട്ട് റോഡിനോടുചേർന്ന ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കി തുറന്ന് അതിനകത്തിരുന്ന യുവാവ് പിന്നാലെ വരുന്ന കാറിന്റെ ദൃശ്യം വിഡിയോയിൽ പകർത്തുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ. അസിം റീൽസ് എടുക്കുന്നവരുടെ ദൃശ്യം മൊബൈലിൽ പകർത്തി.
എം.വി.ഐ മൊബൈൽ ദൃശ്യം പരിശോധിക്കുമ്പോൾ ദൂരെ രണ്ടുവിദ്യാർഥികൾ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവരുടെ സമീപമെത്തി പരിശോധിച്ചപ്പോൾ ലൈസൻസ് ഇല്ലാത്ത വിദ്യാർഥിയാണ് ബൈക്ക് ഓടിക്കുന്നതെന്ന് വ്യക്തമായി. പിന്നിലിരുന്ന വിദ്യാർഥിക്ക് ലൈസൻസ് ഉണ്ടായിരുന്നു. മുന്നിലിരുന്നയാളെ വാഹനം ഓടിക്കാൻ പഠിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥി പറഞ്ഞത്. ലേണേഴ്സ് ലൈസൻസ് ഇല്ലാത്തയാൾക്ക് ഡ്രൈവിങ് പരിശീലനം നൽകിയതിന് കോളജ് വിദ്യാർഥി രാഹുലിന് 10,000 രൂപ പിഴ ചുമത്തി.