Ernakulam

മണിക്കൂറുകൾ നീളുന്ന ക്യൂവില്ല, തിക്കും തിരക്കുമില്ല; എളംകുളം വില്ലേജ് ഓഫിസിൽ അഴകിന്റെ പോക്കുവരവ്

കൊച്ചി: മണിക്കൂറുകൾ നീളുന്ന ക്യൂവില്ല. തിക്കും തിരക്കുമില്ല. ഈ ഓഫിസിലെത്തി ടോക്കൺ എടുക്കുന്നവർക്ക് ഊഴമെത്തും വരെ പാട്ടും കേട്ടു കൂളായി കാത്തിരിക്കാം. അതും വൃത്തിയുള്ള കസേരകളിൽ, സ്വസ്ഥമായി. ചുറ്റും കണ്ണിനു കുളിർമ പകരുന്ന ഇൻഡോർ സസ്യങ്ങളും ഭംഗിയുള്ള കർട്ടനുകളും. സ്വകാര്യ കമ്പനികളുടെ ഓഫിസുകളിൽ ഇങ്ങനെയൊക്കെത്തന്നെയല്ലേ എന്നു ചിന്തിക്കുന്നവർക്കു തെറ്റി. ഇതൊരു സർക്കാർ ഓഫിസാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ റവന്യു ഓഫിസുകളിലൊന്നായ എളംകുളം വില്ലേജ് ഓഫിസ്. രണ്ടു വർഷം മുൻപു വരെ ‘നഗരമധ്യത്തിലെ ഭാർഗവീ നിലയം’ എന്നു വിളിക്കപ്പെട്ടിരുന്ന രണ്ടു നില വില്ലേജ് ഓഫിസ്. നിലവിലെ വില്ലേജ് ഓഫിസർ സി.കെ.സുനിലിന്റെ രണ്ടു വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് അടിമുടി മാറ്റം. 

house for sale in ernakulam

2022ലാണു സുനിൽ എളംകുളം വില്ലേജ് ഓഫിസറായി എത്തുന്നത്. 20 വർഷം മാത്രം പഴക്കമുള്ള വില്ലേജ് ഓഫിസ് കെട്ടിടത്തിനു വലിയ സ്ഥലസൗകര്യം ഉണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗശൂന്യമായിരുന്നു. വൻ മരങ്ങൾ ചരിഞ്ഞുവീണു കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ. ചോർച്ച. മരങ്ങളുടെ വേരു വളർന്നു മതിൽ തകർത്തതിനാൽ ഗേറ്റ് പോലും തുറക്കാനാവാത്ത സ്ഥിതി. ഉദ്യോഗസ്ഥരും നാട്ടുകാരും ഗേറ്റിന്റെ വിടവിലൂടെ നുഴഞ്ഞു കയറിയായിരുന്നു ഓഫിസിലേക്ക് എത്തിയിരുന്നത്. 3500 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ 30 ശതമാനം സ്ഥലം മാത്രമായിരുന്നു വല്ലവിധേനയും ഉപയോഗിക്കാവുന്ന അവസ്ഥയിൽ ഉണ്ടായിരുന്നത്. പ്രതിദിനം നാനൂറിലേറെ പേർ വിവിധ കാര്യങ്ങൾക്കായി കയറിയിറങ്ങുന്ന ഓഫിസിനായിരുന്നു ഈ ദുർഗതി. 

house for sale in ernakulam

ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയത്തോടെ സുനിൽ തുനിഞ്ഞിറങ്ങി. പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് കിട്ടില്ലെന്ന് ഉറപ്പായിരുന്നു. നവീകരണം മാത്രമായി പോംവഴി. എന്നാൽ, നവീകരണത്തിനായി നീക്കിവയ്ക്കാൻ അധികം ഫണ്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുനിൽ പുറമേ നിന്നു സഹായം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിനിടെ ജാഫർ മാലിക് കലക്ടറായിരുന്ന സമയത്ത് കെട്ടിടത്തിനു മതിൽ നിർമിക്കാൻ തുക അനുവദിച്ചു. റോട്ടറി ക്ലബ് ഉൾപ്പെടെയുള്ളവർ സഹായ വാഗ്ദാനം നൽകിയതോടെ കെട്ടിടത്തിന്റെ കാര്യത്തിലും തീരുമാനമായി. എല്ലാ മുറികളുടെയും നവീകരണം പൂർത്തിയാക്കി ഉപയോഗയോഗ്യമാക്കി.