Ernakulam

മധുരക്കമ്പനി പാലം: അപ്രോച്ച് റോഡ് നിർമാണത്തിന് 1.40 കോടി


പള്ളുരുത്തി
: മധുരക്കമ്പനി-കണ്ണങ്ങാട്ട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് എ.എ. റഹീം എം.പി.യുടെ വികസന ഫണ്ടിൽനിന്ന് 1.40 കോടി രൂപ അനുവദിച്ചു. ഈ പാലത്തിന്റെ നിർമാണം നേരത്തേ പൂർത്തിയായതാണ്. എന്നാൽ രണ്ട് വശത്തേക്കുമുളള അപ്രോച്ച് റോഡ് നിർമാണം നടന്നിരുന്നില്ല. ഇതിന് മൊത്തം ചെലവ് 1.90 കോടി രൂപയാണ് കണക്കാക്കിയത്. ഇതിൽ 50 ലക്ഷം രൂപ നേരത്തേ കൊച്ചിൻ കോർപ്പറേഷൻ അനുവദിച്ചു. ബാക്കിയുള്ള 1.40 കോടിയാണ് റഹീമിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ചത്. എം.പി. ഫണ്ടിൽനിന്ന് പണം അനുവദിക്കുന്നതിന് സി.പി.എം. ജില്ലാ നേതൃത്വം സഹായിച്ചതായി വാർഡ് കൗൺസിലർ കൂടിയായ വി.എ. ശ്രീജിത്ത് പറഞ്ഞു. കൊച്ചിൻ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പദ്ധതിയാണിത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി ജോലികൾ തടസ്സപ്പെട്ടു. ഭൂമി സംബന്ധിച്ച തർക്കങ്ങളും പ്രശ്നമായി. ഒടുവിൽ വി.എ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പലതലത്തിൽ ചർച്ചകൾ നടത്തിയാണ് ഭൂമി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതിന് കൊച്ചിൻ കോർപ്പറേഷൻ ഒരുകോടിയോളം രൂപ ചെലവാക്കുകയും ചെയ്തു.

നേരത്തേ എം.എൽ.എ. ആയിരുന്ന ജോൺ ഫെർണാണ്ടസ് എം.എൽ.എ. അദ്ദേഹത്തിന്റെ ഫണ്ടിൽനിന്ന് പാലം നിർമാണത്തിന് 2.78 കോടി രൂപ അനുവദിച്ചിരുന്നു. കോർപ്പറേഷൻ 50 ലക്ഷവും അനുവദിച്ചു. പാലം പൂർത്തിയായാൽ പള്ളുരുത്തി പ്രദേശത്തെ ഇടക്കൊച്ചിവഴി തുറമുഖ റോഡുമായും, എറണാകുളം നഗരവുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സഞ്ചാരമാർഗമായി ഇത് മാറും.

പള്ളുരുത്തി റോഡിന് സമാന്തരമായുളള സഞ്ചാരപാതയാണിത്. പള്ളുരുത്തി റോഡിൽ തടസ്സങ്ങളുണ്ടായാൽ ഈവഴി ഗതാഗതം തിരിച്ചുവിടാം. ഇടക്കൊച്ചിവരെ തടസ്സമില്ലാതെ പോകാം. കണ്ണങ്ങാട്ട് പാലം വന്നതോടെ ഈ പാലത്തിന്റെയും റോഡിന്റെയും പ്രസക്തിയേറി. വാഹനത്തിരക്കേറിയ പള്ളുരുത്തിപ്രദേശത്തെ ഗതാഗതപ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാൻ ഈ പദ്ധതി വഴി കഴിയും. എം.പി. ഫണ്ട് ഉപയോഗിക്കുന്നതിന് ഭരണാനുമതി ലഭിച്ചതിനാൽ ഉടനെ ടെൻഡർ നടപടികൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.