Ernakulam

കിഴക്കമ്പലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 19കാരി മരിച്ചു; സുഹൃത്ത് ചികിത്സയിൽ

എറണാകുളം കിഴക്കമ്പലത്ത്  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ ആണ് മരിച്ചത്. 19 വയസായിരുന്നു. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ആന്‍മരിയ. 

വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. ഇടിച്ച ബൈക്ക് നിർത്താതെ പോയി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.