കൊച്ചി: കുട്ടികൾക്കിടയിൽ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിവരുന്നുവെന്ന് പഠനം. വളരെയധികം സമയം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് കുട്ടികളിൽ കാഴ്ചയടക്കമുള്ള ബുദ്ധിമുട്ടുകൾ കൂടാതെ പെരുമാറ്റ വൈകല്യങ്ങളും വർധിപ്പിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന് കൊച്ചി നഗരപരിധിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് കുട്ടികളുടെ നേത്ര ആരോഗ്യവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളാണ്.
നേത്ര ആരോഗ്യത്തിന് വേണ്ടി നടത്തുന്ന ദൃഷ്ടി പദ്ധതിയുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. സർവേയിൽ ഉൾപ്പെട്ട 53.3 ശതമാനം കുട്ടികളും 13 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികരിച്ചവരിൽ ഭൂരിഭാഗവും ഹൈസ്കൂൾ വിദ്യാർഥികളാണ്.
അവരുടെ മാതാപിതാക്കളിൽ 54.7 ശതമാനം പേർ തങ്ങളുടെ കുട്ടികളിൽ കാഴ്ച പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. പലരും വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാത്തതിനാൽ വൈദ്യസഹായം തേടിയിട്ടില്ലെന്നും സർവേയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.