അരൂർ: രാത്രിയുടെ മറവിൽ പൊതുറോഡിനോട് ചേർന്ന് പലയിടങ്ങളിലായി മാലിന്യംതള്ളിയവരെ പകൽ പരിശോധനയിലൂടെ കണ്ടെത്തി. ഇതേത്തുടർന്ന് രണ്ട് വ്യക്തികളിൽനിന്നായി അരൂർ പഞ്ചായത്ത് കാൽലക്ഷം രൂപ പിഴയീടാക്കി.
തള്ളിയവരെക്കൊണ്ടുതന്നെ ഈ മാലിന്യം എടുപ്പിക്കുകയും ചെയ്തു. അരൂർ ഗ്രാമപ്പഞ്ചായത്ത് 22-ാം വാർഡിലെ ചക്യാമുറി-ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ലിങ്ക് റോഡിന്റെ വശങ്ങളിലാണ് പലയിടത്തായി മാലിന്യം തള്ളിയത്.
വിവരം അറിഞ്ഞെത്തിയ പഞ്ചായത്തംഗം ബി.കെ. ഉദയകുമാർ ഹരിതകർമ സേനാംഗങ്ങളുടെ സഹായത്തോടെ ഇവ വിശദമായി പരിശോധിച്ചു. ഇതിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എഴുപുന്ന പുളിക്കൽ ജോർജിൽനിന്ന് 20,000 രൂപയും, കുത്തിയതോട് പഞ്ചായത്ത് പൊന്നാംപുര വീട്ടിൽ മാർട്ടിൻ ഡി പോറസിൽനിന്നും 5,000 രൂപയുമാണ് പിഴയീടാക്കിയത്. ഇവരെക്കൊണ്ടുതന്നെ മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു.
അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങളാണ് ഇവയെന്നാണ് നിഗമനം.