കാക്കനാട്: മെട്രോ റെയിൽ നിർമാണത്തോടനുബന്ധിച്ച റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാകണമെങ്കിൽ കെഎസ്ഇബി സഹകരിക്കണമെന്ന് കെഎംആർഎൽ. റോഡിലൂടെയുള്ള വൈദ്യുത ലൈൻ ഭൂഗർഭ കേബിളാക്കി മാറ്റുന്ന ജോലി മെല്ലെപ്പോക്കിലാണ്. വൈദ്യുതി ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് കാരണം. നിർമാണം നടക്കുന്ന ഇടങ്ങളിൽ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പകൽ വൈദ്യുതി ഓഫ് ചെയ്തു തരണമെന്നാവശ്യപ്പെട്ട് കെഎംആർഎൽ അധികൃതർ കെഎസ്ഇബിക്ക് കത്തു നൽകിയിരുന്നു. ഇത് അതേപടി പാലിക്കാനാകില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
മെട്രോ റെയിൽ ഒരുക്കങ്ങൾക്കായി ആഴ്ചയിൽ ഒരു ദിവസമാണ് ഇപ്പോൾ പകൽ വൈദ്യുതി ഓഫ് ചെയ്യുന്നത്. ഇതു നിർമാണത്തിലെ വേഗക്കുറവിനു കാരണമാകും. പടമുകൾ, കുന്നുംപുറം മേഖലകളിലാണ് നിലവിൽ മെട്രോ റെയിലിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ നടക്കുന്നത്. പാലാരിവട്ടം മുതൽ ചെമ്പുമുക്ക് വരെ വൈദ്യുത ലൈൻ ഭൂഗർഭ കേബിളാക്കുന്ന ജോലി ഏറെക്കുറെ പൂർത്തിയായി. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള സർവീസ് ലൈനുകൾ മാറ്റുന്ന ജോലിയാണ് ശേഷിക്കുന്നത്. ഇതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കാനും കണക്‌ഷൻ നൽകാനുമാണ് വൈദ്യുതി ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
നിലവിൽ ഒരു വൈദ്യുത തൂണിൽ നിന്ന് പത്തും പതിനഞ്ചും സർവീസ് കണക്ഷനുകളുണ്ട്. കെഎസ്ഇബി അധികൃതരെ പങ്കെടുപ്പിച്ച് യോഗം ചേർന്നിട്ടും കൂടുതൽ സമയം വൈദ്യുതി ഓഫ് ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം എടുക്കാൻ കഴിയുന്നില്ല. പ്രാദേശികമായി ജനങ്ങളുടെ എതിർപ്പ് മൂലമാണ് കെഎംആർഎല്ലിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയാത്തതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ജനപ്രതിനിധികൾ ഇടപെട്ട് ജനങ്ങളുടെ പരാതി ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കണമെന്നാണ് നിർദേശം. വൈദ്യുത ലൈൻ പൂർണമായി ഭൂഗർഭ കേബിളാകുന്നതോടെ വൈദ്യുത വിതരണവും കാര്യക്ഷമമാകും. കാറ്റും മഴയും മൂലം പതിവായി വൈദ്യുതി മുടങ്ങുന്ന പ്രവണത ഇല്ലാതാകും. പ്രസരണ നഷ്ടവും കുറയ്ക്കാൻ കഴിയും.