കൊച്ചി: ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയിൽ എത്തി, തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോഴും ശ്രുതിയ്ക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥയറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവർത്തകർ ഒരുക്കുന്ന ‘ട്രൂത്ത് മംഗല്യം’ സമൂഹ വിവാഹ ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടെയാണ് ജെൻസൺ കാർ അപകടത്തിൽ മരിച്ചത്.
എങ്കിലും വിവാഹ ചടങ്ങിലേക്ക് ശ്രുതിയെ വിളിക്കണമെന്നും അവർക്കായി കരുതിവച്ചതെല്ലാം ശ്രുതിയെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂട്ടിയുടെ സുഹൃത്തുമായ സമദ് അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. വിവാഹ ചടങ്ങിൽ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവച്ച തുക മമ്മൂട്ടി ശ്രുതിയെ നേരിട്ട് ഏൽപ്പിച്ചു.
വേദിയിൽ വച്ച് ശ്രുതിയെ ചേർത്തുനിർത്തിയ മമ്മൂക്ക പറഞ്ഞതിങ്ങനെ: ‘40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹ വിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു’. കഴിഞ്ഞ ആഴ്ച അവസാനമാണ് വിവാഹ ചടങ്ങ് നടന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യക്കോസ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.