കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ പഠനം മതിയാക്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. കോളജിലെ ആർക്കിയോളജി പിജി വിദ്യാർഥിയായിരുന്നു ആർഷോ. മകൻ ദീർഘനാളായി കോളജിൽ ഹാജരാകാതിരുന്നതിനു മതിയായ കാരണം കാണിച്ചില്ലെങ്കിൽ കോളജിൽ നിന്നു പുറത്താക്കുമെന്നു കാട്ടി പ്രിൻസിപ്പൽ ആർഷോയുടെ പിതാവിനു നോട്ടിസയച്ചിരുന്നു. ഇതിനു ശേഷം താൻ ആറാം സെമസ്റ്ററിനു ശേഷമുള്ള ‘എക്സിറ്റ് ഓപ്ഷൻ’ എടുക്കുകയാണെന്നും പഠനം മതിയാക്കുകയാണെന്നുമുള്ള വിവരം ഇ–മെയിൽ മുഖേന ആർഷോ ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നതായും കോളജ് അധികൃതർ പറഞ്ഞു.
15 ദിവസത്തിൽ കൂടുതൽ കോളജിൽ വരാതെ വിദ്യാർഥികൾ വിട്ടുനിന്നാൽ സ്വീകരിക്കുന്ന സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും അധികൃതർ അറിയിച്ചു. അതേസമയം, കോളജിൽ നിന്നു തന്റെ പിതാവിനു കത്തു ലഭിച്ചിട്ടില്ലെന്നും ആറാം സെമസ്റ്ററിൽ നിയമാനുസൃതം വിടുതൽ വാങ്ങാൻ ഏതൊരു വിദ്യാർഥിക്കുമുള്ള അവകാശം മാത്രമാണു താൻ ഉപയോഗിച്ചതെന്നും ആർഷോ പറഞ്ഞു.