വൈറ്റില: വൈറ്റില ജങ്ഷനിലെ ഗതാഗത കുരുക്കഴിക്കാനുള്ള മാസ്റ്റർപ്ലാനുമായി ഇടപ്പള്ളി ട്രാഫിക് പോലീസ്. വളരെ ചെലവ് ചുരുങ്ങിയതും എന്നാൽ എളുപ്പത്തിൽ പ്രായോഗികമാക്കാവുന്ന പദ്ധതിയുമായാണ് ഇടപ്പള്ളി ട്രാഫിക് എ.സി.പി. എ.എ. അഷറഫ്, എസ്.ഐ. ജോസഫ് ജോർജ് എന്നിവർ വൈറ്റിലയിലെത്തി പ്ലാൻ അവതരിപ്പിച്ചത്. വൈറ്റിലയിൽ ഏറ്റവും ഗതാഗത കുരുക്കനുഭവപ്പെടുന്നത് എസ്.എ. റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്കാണ്. ഈ വാഹനങ്ങൾ സിഗ്നൽ കടന്ന് 50 മീറ്റർ എത്തുമ്പോഴേക്കും റോഡിന്റെ വീതി കുറവുമൂലം കുരുക്കിൽപ്പെടും. ഇതുമൂലം പിന്നിൽ വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ കടക്കാനാകാതെ വരും. ഇത് ജങ്ഷനിൽ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഈ കുരുക്കഴിക്കുന്നതിനുള്ള ആദ്യ നടപടിയാണ് തുടക്കത്തിൽ നടപ്പിലാക്കുക.
കണിയാംപുഴ ഭാഗത്തുനിന്നും വൈറ്റില ജങ്ഷനിലേക്കെത്തുന്ന വാഹനങ്ങൾക്ക് സിഗ്നൽ ജങ്ഷനിൽ നിന്നും നൂറു മീറ്റർ മുൻപായി ഇടത്തോട്ട് തിരിഞ്ഞ് ജങ്ഷനിലേക്കെത്തുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി ഹബ്ബിന്റെ ഭൂമിയിലൂടെ പുതിയ 50 മീറ്റർ റോഡ് മാത്രം പുതിയതായി നിർമിച്ചാൽ മതിയാകും. റോഡ് നിർമിക്കാനുള്ള അനുമതി ഹബ്ബ് മാനേജ്മെന്റ് നൽകിയാൽ റോഡ്നിർമാണം സി.എസ്.എം.എൽ. പൂർത്തിയാക്കും. എസ്റ്റിമേറ്റ് തയ്യാറാക്കി കരാർ നൽകി നവംബർ 30 ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡൻ എം.പി., ഉമ തോമസ് എം.എൽ.എ., കൗൺസിലർമാരായ എ.ആർ. പത്മദാസ്, ആന്റണി പൈനുതറ, സി.എസ്.എം.എൽ. അധികൃതർ, മറ്റ് പൊതുപ്രവർത്തകർ എന്നിവരും പങ്കെടുത്തു.