Ernakulam

കലക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ സിവിൽ എൻജിനീയറുടെ ആത്മഹത്യാശ്രമം

ernakulam collectorate

കാക്കനാട്: കെട്ടിട നിർമാണ പെർമിറ്റ് എടുത്തു കൊടുക്കുന്ന സിവിൽ എൻജിനീയറായ യുവതി കലക്ടറേറ്റിലെ തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. 

പള്ളുരുത്തി സ്വദേശിനി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിട നിർമാണത്തിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതാണു പ്രകോപനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പള്ളുരുത്തിയിൽ നിർമിച്ച കെട്ടിടത്തിലെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്നു ഷീജയ്ക്കും മറ്റൊരു എൻജിനീയർക്കുമെതിരെ നടപടിയെടുക്കാൻ വിജിലൻസ് സർക്കാരിനു ശുപാർശ നൽകി. 15നു രണ്ടു പേരുടെയും ലൈസൻസ് ജോയിന്റ് ഡയറക്ടർ  6 മാസത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു. 

ഇതേക്കുറിച്ചു തിരക്കാൻ ഇന്നലെ 11.30നു ഷീജ ഭർത്താവിനൊപ്പം കലക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ ഓഫിസിലെത്തി. രണ്ടു മണിക്കാണ് ഇവർക്കു കാണാൻ അനുമതി ലഭിച്ചത്. ചേംബറിൽ കയറി സംസാരിക്കുന്നതിനിടെ പെട്ടെന്ന് ബാഗിലെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഷീജ തലയ്ക്കു മുകളിലൂടെ ദേഹത്തൊഴിക്കുകയായിരുന്നുവെന്ന് ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ് പറഞ്ഞു.