കൊച്ചി: കളമശേരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വിജയിച്ചതിന് പിന്നാലെ ഇടപ്പള്ളി ജങ്ഷനിലെ നിയന്ത്രണവും ഫലം കണ്ടെന്ന് വിലയിരുത്തൽ. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഇടപ്പള്ളി ജങ്ഷനിൽ നടപ്പാക്കിയ പരിഷ്കാരവും വിജയം കണ്ടു. ജങ്ഷനിൽ കിലോമീറ്ററോളം നീളത്തിൽ ഉണ്ടാകാറുള്ള വാഹനങ്ങളുടെ നിര ഇന്നലെ ഉണ്ടായില്ല. പരീക്ഷണം വിജയമാണെന്ന നിഗമനത്തിലെത്തിയാൽ കളമശേരി മാതൃകയിൽ ഇവിടെയും സ്ഥിരമായി പരിഷ്കാരം ഏർപ്പെടുത്തും.
കളമശേരിയിൽ ഒക്ടോബർ ആദ്യവാരം മുതൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം വിജയകരമാണെന്നാണ് വിലയിരുത്തൽ. മന്ത്രി പി രാജീവ് കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ 21 ദിവസം പിന്നിട്ട ട്രാഫിക് പരിഷ്കാരം വിലയിരുത്തിച വ്യാപാരികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം പരിഷ്കാരം വിജയമാണെന്നും ഇത് തുടരണമെന്നുമാണ് അഭിപ്രായപ്പെട്ടത്.
ഇതിനു പിന്നാലെയാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മോട്ടോർ വാഹനവകുപ്പ് ഇടപ്പള്ളി ജങ്ഷനിലും ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയത്. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളെ വഴിതിരിച്ചുവിട്ടും മീഡിയൻ സ്ഥാപിച്ചും കളമശേരി മാതൃകയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്കാരം. താത്കാലികമായാണ് ഗതാഗത ക്രമീകരണം വരുംദിവസങ്ങളിലുണ്ടാകാവുന്ന ട്രാഫിക് ബ്ലോക്കുകൾ പഠിച്ച് മാറ്റം ആവശ്യമാണെങ്കിൽ പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ആർടിഒ അറിയിച്ചിരിക്കുന്നത്.