കൊച്ചി: ജോലിയിൽനിന്നു പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് എറണാകുളം റവന്യു ടവറിനു മുന്നിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഭവനനിർമാണ ബോർഡിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി സൂരജ് കുമാറാണ് ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഭവനനിർമാണ ബോർഡിലെ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അനുനയ ചർച്ചകൾക്ക് ശേഷം ഒരു മണിയോടെ സൂരജിനെ മരത്തിൽനിന്ന് താഴെയിറക്കി.
കഴിഞ്ഞ മാസം ഭവനനിർമാണ ബോർഡിൽനിന്ന് 13 പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്് എട്ടുദിവസമായി തൊഴിലാളികൾ റവന്യു ടവറിനു മുന്നിൽ റിലേ സത്യാഗ്രഹത്തിലാണ്. ഇതിൽ നടപടിയൊന്നും ഉണ്ടാവാത്തതിനാലാണ് പെട്രോളും കയറുമായി മരത്തിനുമുകളിൽക്കയറി സൂരജിന്റെ ആത്മഹത്യാ ഭീഷണി. താത്കാലിക ജീവനക്കാരുടെ ശമ്പളം 9000 രൂപയിൽനിന്ന് 7000 രൂപയായി കുറച്ചിരുന്നു. ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നവകേരള സദസ്സിൽ അപേക്ഷ നൽകിയതിനെത്തുടർന്നുള്ള പ്രതികാര നടപടിയായാണ് പിരിച്ചുവിട്ടത് എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.