Ernakulam

ആലുവയിൽ കുഞ്ഞുവാവയുടെ ചെറുകുടലിൽ നിന്ന് കമ്പിക്കഷണം പുറത്തെടുത്തു; ഉള്ളിലെത്തിയത് പിറന്നാൾ കേക്കിൽ നിന്ന്

ആലുവ: ഒന്നാം പിറന്നാളിനു മുറിച്ച കേക്ക് കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ചെറുകുടലിൽ എത്തിയ കമ്പിക്കഷണം ആലുവ രാജഗിരി ആശുപത്രിയിൽ ‘ഡ്യൂഡെനോസ്കോപ്പി’ വഴി നീക്കി. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിലുള്ള കേക്കിന്റെ മുകളിലെ അലങ്കാര വസ്തുക്കളിൽ ഒന്നായിരുന്നു ചെറിയ കമ്പിക്കഷണം. കുഞ്ഞിന്റെ വായിൽ അമ്മ ഇതു കണ്ടെങ്കിലും എടുക്കാനായില്ല.

പറവൂർ താലൂക്ക് ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ആമാശയത്തിൽ കുടുങ്ങിയതായി കണ്ടെത്തി. രാജഗിരിയിൽ എത്തിച്ചപ്പോഴേക്കും അതു ചെറുകുടലിലേക്കു കടന്നിരുന്നു. ഉദരരോഗ വിദഗ്ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. സാനു സാജൻ, ഡോ. രാധിക നായർ എന്നിവർ നേതൃത്വം നൽകി.